കെടി ജലീൽ രാജിവെച്ചത് കീഴ്‌വഴക്കം പാലിച്ചുകൊണ്ട്; നല്ല സ്പിരിറ്റിലാണ് സമൂഹം എടുക്കേണ്ടത്: പി ജയരാജൻ

p jayarajan and kt jaleel

കണ്ണൂർ: കെടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത് കീഴ്‌വഴക്കം പാലിച്ചുകൊണ്ടാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുകയായിരുന്നുവെന്നും രാജി നല്ല സ്പിരിറ്റിൽ എടുക്കണമെന്നും ജയരാജൻ പറഞ്ഞു.

‘ജലീൽ സ്വമേധയാ രാജി വെച്ചതാണ്. ഇവിടെ മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുകയായിരുന്നു. കാരണം ലോകായുക്തയുടെ വിധി വന്ന ശേഷം ഉടൻ രാജിവെക്കണം എന്നായിരുന്നു ഇവിടെ പറഞ്ഞോണ്ടിരുന്നത്. കോപ്പി കിട്ടി അതിന്റെ നിയമവശങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് രാജി വെക്കുക. രാജി നല്ലൊരു കീഴ്‌വഴക്കമായിട്ടാണ് ജനാധിപത്യ സമൂഹം കാണേണ്ടത്. ഹരജി നിലനിൽക്കെയാണ് രാജി. നല്ല സ്പിരിറ്റിലാണ് സമൂഹം എടുക്കേണ്ടത്,’-ജയരാജൻ പറഞ്ഞു.

ഇവിടെ മറ്റു പ്രശ്‌നങ്ങളില്ലെന്നും ജലീലിന് നിയമപരമായി മുന്നോട്ട് പോകാം അതാണ് എകെ ബാലൻ പറഞ്ഞതെന്നും ജയരാജൻ പറഞ്ഞു. ഇപി ജയരാജൻ മന്ത്രിസഭയിൽ നിന്ന് സ്വയം രാജിവെച്ചതായിരുന്നുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

എന്നാൽ ധാർമികതയുടെ പുറത്തല്ല, നിക്കക്കള്ളിയില്ലാതെയാണ് ജലീൽ രാജിവെച്ചത്. എന്തുകൊണ്ട് രാജി വെയ്ക്കുന്നില്ല എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയർന്നു. അതിന് പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരു ഗതിയും ഇല്ലാതായപ്പോൾ രാജിവെപ്പിക്കേണ്ടി വന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിയോട് പ്രതികരിച്ചത്.

Exit mobile version