ചിത്രകാരനും സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനും സാംസ്‌കാരിക പ്രവർത്തകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് (60) അന്തരിച്ചു. ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ഇതിഹാസത്തിലെ ഖസാഖ്’ ഏറെ ശ്രദ്ധേയമാണ്. ഈ ചിത്രത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ‘ആത്മൻ’ എന്ന ഹ്രസ്വചിത്രത്തിന് 1996ൽ ദേശീയ അവാർഡും (പ്രത്യേക ജൂറി പരാമർശം) അദ്ദേഹത്തെ തേടിയെത്തി. ജോൺ അബ്രഹാം പുരസ്‌കാരവും ലഭിച്ചു.

റിട്ട. വില്ലേജ് ഓഫീസറാണ്. കോഴിക്കോട് എരഞ്ഞിപ്പാലം സറീൽ അപ്പാർട്ട്‌മെന്റിലായിരുന്നു നാളുകളായി താമസം. കണ്ണൂർ വെങ്ങര എടയേടത്ത് ബാലൻ നായരുടെയും, മലപ്പുറം മേൽമുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടെയും മകനാണ്.

ഭാര്യ: ഗീത (അധ്യാപിക, ജിഎച്ച്എസ്എസ്ന ടക്കാവ്). മക്കൾ: ആദിത്യമേനോൻ (ഡിഗ്രി വിദ്യാർത്ഥി), ചാന്ദ് പ്രകാശ് (സിൽവർ ഹിൽസ് എച്ച്എസ്എസ്). സഹോദരങ്ങൾ: പ്രദീപ് മേനോൻ, പ്രമോദ്, പ്രശാന്ത്, പ്രീത. ശവസംസ്‌കാരം മുയിപ്പോത്ത് കിഴക്കേ ചാലിൽ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു.

Exit mobile version