മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഏഴുദിവസം ക്വാറന്റീൻ; എട്ടാംദിവസം പരിശോധന; കർശനമാക്കി നടപടികൾ; വീണ്ടും ഫൈനും വാഹനം പിടിച്ചെടുക്കലും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ. മാസ്‌ക് കൃത്യമായി ഉപയോഗിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കും എതിരെ പോലീസ് നടപടി എടുത്തു തുടങ്ങി. സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംചേരൽ അനുവദിക്കില്ല. കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കിൽ കർശനനടപടിയുണ്ടാകും.

പോലീസിന് കിട്ടിയ നിർദേശത്തെ തുടർന്ന് സംസ്ഥാനത്തുടനീളം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തിരുന്നു. വ്യാഴാഴ്ച മാത്രം 236 കേസുകളാണ് എടുത്തത്. 57 പേരെ അറസ്റ്റുചെയ്തു. നാല് വാഹനം പിടിച്ചെടുത്തു. മുഖാവരണം ധരിക്കാത്തതിന് 862 പേർക്ക് പിഴചുമത്തി.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന് കേരളത്തിൽ ഏഴുദിവസത്തിൽ കൂടുതൽ കഴിയുന്നുണ്ടെങ്കിൽ ആദ്യ ഏഴുദിവസം ക്വാറന്റീനിൽ കഴിയുകയും എട്ടാംദിവസം ആർടിപിസിആർ പരിശോധന നടത്തുകയും വേണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറന്റീനിൽ കഴിയേണ്ടതില്ല. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തേയുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് അറിയിച്ചു.

പ്രതിദിന കോവിഡ് പരിശോധന വർധിപ്പിക്കും. കഴിഞ്ഞദിവസം 33,699 ആർടിപിസിആർ പരിശോധന ഉൾപ്പെടെ 60,554 പരിശോധന നടത്തി. സംസ്ഥാനത്ത് 10.76 ശതമാനം പേർക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂവെന്നാണ് കണക്കാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് തിരക്കുകളിൽ വ്യാപൃതരായിരുന്നവർ പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്.

Exit mobile version