പാറുവമ്മയ്ക്ക് ഈ മാസവും റേഷന്‍ ലഭിച്ചിരുന്നു: വീഡിയോ അമ്മൂമ്മയെ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തി എടുത്തത്; ഹൈബി ഈഡന്‍ മാപ്പ് പറയണമെന്നും കുടുംബം

കൊച്ചി: ഉറപ്പാണ് ഭക്ഷ്യസുരക്ഷയെന്ന എല്‍ഡിഎഫ് ക്യാമ്പയിന്‍ പോസ്റ്ററില്‍ നിറഞ്ഞ പാറുവമ്മയെക്കുറിച്ച് യുഡിഎഫ് നടത്തുന്നത് വ്യാജ പ്രചരണമെന്ന് കുടുംബം.

എല്‍ഡിഎഫിന്റെ പരസ്യത്തിലുള്ള ചിത്രത്തിലെ പാറുവമ്മ എന്ന വയോധികയ്ക്ക് യഥാര്‍ത്ഥത്തില്‍ റേഷന്‍ ലഭിക്കുന്നില്ലെന്ന തരത്തില്‍ ഹൈബി ഈഡന്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ പ്രചരണം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പാറുവമ്മയുടെ കുടുംബം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

യുഡിഎഫ് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും പാറുവമ്മയ്ക്ക് ഈ മാസം വരെ റേഷന്‍ ലഭിച്ചിരുന്നെന്നും കൊച്ചുമകള്‍ വ്യക്തമാക്കി. ഇക്കാര്യം കൊച്ചുമകള്‍ റിതിക വീഡിയോയില്‍ വിശദീകരിക്കുന്നുമുണ്ട്. തന്റെ അമ്മൂമ്മയെ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് സംശയിക്കുന്നതായും റിതിക പറയുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ ഹൈബി ഈഡന്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.


‘അമ്മൂമ്മയെ മിക്കവര്‍ക്കും ഇപ്പോള്‍ മുഖപരിചയം കാണും. എല്‍ഡിഎഫ് ക്യാമ്പയിന്റെ ഭാഗമായി അമ്മൂമ്മയുടെ ഫോട്ടോയുള്ള പോസ്റ്റര്‍ പലയിടങ്ങളിലും വന്നിട്ടുണ്ട്. ഇതില്‍ യുഡിഎഫിന്റെ ഒരു വ്യാജ വീഡിയോ അമ്മൂമ്മയെക്കുറിച്ച് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്’, റിതിക പറഞ്ഞു.

‘കസിന്‍സും കൊച്ചുമക്കളും ഞാനും എല്ലാവരും കൂടെ പോയാണ് എല്‍ഡിഎഫ് ക്യാമ്പയിനിങിന് വേണ്ടിയുള്ള അമ്മൂമ്മയുടെ ഫോട്ടോ ഷൂട്ട് നടത്തിയത്. അതിന് ശേഷം അത് ഫ്ളക്സില്‍ വരികയൊക്കെ ചെയ്തു. വീട്ടിലെല്ലാവര്‍ക്കും വലിയ സന്തോഷമുണ്ടാക്കിയ സമയമായിരുന്നു അത്.

അമ്മൂമ്മയ്ക്ക് അങ്ങനെയൊരു അവസരം കിട്ടിയതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനവുമായിരുന്നു. അമ്മൂമ്മയും വലിയ സന്തോഷത്തിലായിരുന്നു. അങ്ങനെയിക്കുമ്പോഴാണ് ഞങ്ങളുടെ സന്തോഷവും സമാധാനവുമൊക്കെ കളയുന്ന ഒരു വീഡിയോ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.

അതില്‍ പറയുന്നത് അമ്മൂമ്മയ്ക്ക് കിറ്റും റേഷനും കിട്ടുന്നില്ലെന്നാണ്. അമ്മൂമ്മയുടെ റേഷന്‍ കാര്‍ഡ് ഞങ്ങളുടെ കയ്യിലുണ്ട്. അതില്‍ ഈ മാസം വരെയുള്ള റേഷന്‍ വാങ്ങിയത് രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മൂമ്മയുടെ റേഷന്‍ കാര്‍ഡില്‍ അംഗമായി അമ്മൂമ്മ മാത്രമേയുള്ളു. അപ്പോള്‍ അമ്മൂമ്മയുടെ ഫിംഗര്‍ പ്രിന്റ് പതിയാതെ റേഷനോ കിറ്റോ കൊടുക്കാന്‍ കഴിയില്ലല്ലോ’.

‘കൃത്രിമമായി നിങ്ങള്‍ വ്യാജ വീഡിയോ എന്തിന്റെ അടിസ്ഥാനത്തിലാണ് ഉണ്ടാക്കിയതെന്ന് ഞങ്ങള്‍ക്ക് മനസിലാവുന്നില്ല. അമ്മൂമ്മയെ ഭീഷണിപ്പെടുത്തിയാണോ ഇത് ചെയ്തതെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. എന്റെ വീടിന്റെ അടുത്തുതന്നെയാണ് അമ്മൂമ്മയുടെ വീട്. ഞങ്ങളാരും വീട്ടിലില്ലാതിരുന്ന സമയത്താണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.

ഹൈബി ഈഡന്‍ എംപി ഇത് ഷെയര്‍ ചെയ്തതായി കണ്ടു. എന്ത് പരിശോധന നടത്തിയിട്ടാണ് സര്‍ ഇത് ഷെയര്‍ ചെയ്തത്? സാര്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വീഡിയോ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും യുഡിഎഫുകാരും മാപ്പുപറയണമെന്നും അപേക്ഷിക്കുന്നു’, റിതിക ആവശ്യപ്പെട്ടു.

പാറുവമ്മയ്ക്ക് റേഷന്‍ ലഭിക്കുന്നില്ലെന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചത്. തനിക്ക് റേഷന്‍ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ത്തന്നെ പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. റേഷന്‍ കടക്കാരന്‍ തനിക്ക് റേഷന്‍ നല്‍കുന്നില്ലെന്നാണ് വീഡിയോയില്‍ വൃദ്ധയായ പാറുവമ്മ പറയുന്നത്.

പരസ്യത്തില്‍ ഫോട്ടോ വന്ന കാര്യം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ആളുകള്‍ എന്തൊക്കെ ചെയ്യും, ചെയ്‌തോട്ടെ എന്ന മറുപടിയാണ് പാറുവമ്മ പറയുന്നത്. പല യുഡിഎഫ് നേതാക്കളും പാറുവമ്മയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാമെന്നായി എന്നാണ് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ വീഡിയോ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

റേഷന്‍ കാര്‍ഡും ഭക്ഷ്യകിറ്റുമായി നില്‍ക്കുന്ന പാറുവമ്മയാണ് എല്‍ഡിഎഫ് പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്ന ചിത്രം. ഉറപ്പാണ് ഭക്ഷ്യ സുരക്ഷ, ഉറപ്പാണ് എല്‍ഡിഎഫ് എന്ന വാചകവും പ്രചരണ ചിത്രത്തിലുണ്ട്.

Exit mobile version