മോഡി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യക്കിറ്റ് എന്ന് പറഞ്ഞ് കൊടുക്കുന്നു; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രൻ

k surendran1

കോന്നി: മോഡി സർക്കാർ നൽകിയ സാധനങ്ങളാണ് സംസ്ഥാന സർക്കാർ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് നൽകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തങ്ങളാണ് നൽകുന്നതെന്ന് പറഞ്ഞ് മേനി നടിക്കുകയാണ് കേരള സർക്കാരെന്ന് സുരേന്ദ്രൻ വിമർശിച്ചു.

മോദിയുടെ വികസനം ഇവിടെയും എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. ചോദിച്ചതിനേക്കാൾ കൂടുതൽ കേന്ദ്രം തന്നു. കേന്ദ്ര സർക്കാർ തന്ന അരിയും മറ്റു സാധനങ്ങളും സഞ്ചിയിലാക്കി കിറ്റ് വിതരണം എന്ന് പറഞ്ഞ് നടക്കുകയാണ്. മോഡി സർക്കാർ ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാനാകുമായിരുന്നില്ല. പ്രളയം വന്നപ്പോൾ മോഡി നൽകിയ സഹായം ജനങ്ങൾക്ക് നൽകിയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

യേശുദേവനെ പിന്നിൽ നിന്ന് കുത്തിയ യൂദാസിന്റെ മനസ്സുള്ള ചില ആളുകൾ മോഡി കോന്നിയിൽ വരുന്നതിനെതിരെ പ്രസ്താവന ഇറക്കിയെന്നും സരേന്ദ്രൻ പറഞ്ഞു. അവർ കോന്നിയിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തി രാഹുൽ ഗാന്ധി സർക്കാരിൽ മന്ത്രിയാകാൻ പോയവരാണ്. ഇപ്പോൾ അവിടേയും ഇല്ല ഇവിടേയും ഇല്ല എന്ന അവസ്ഥയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മോഡിയുടെ പാദസ്പർശം പോലും ഇത്തരക്കാർ ഭയം ജനിപ്പിക്കുന്നു. ലവ് ജിഹാദിന്റെ പേരിൽ എത്രയോ അമ്മമാർ നിലവിളിക്കുമ്പോഴും പിണറായിയുടെ പോലീസ് ഭക്തരെ മർദിക്കുമ്പോഴും ഇത്തരം യൂദാസിന്റെ ആളുകൾ കണ്ടില്ലെന്ന് നടിച്ചു. അവരാണിപ്പോൾ വിശ്വാസത്തിന്റെ പേര് പറയുന്നത്. കേരളം ഒരു വലിയ പരിവർത്തനത്തിന് കാതോർക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Exit mobile version