വേണ്ടെന്ന് പറഞ്ഞാലും ബിജെപി പിന്തുണ സിഒടി നസീറിന് തന്നെ: വോട്ട് ചോദിക്കാന്‍ പ്രവര്‍ത്തകരെ ഇറക്കണം; സികെ പത്മനാഭന്‍

കണ്ണൂര്‍: തലശ്ശേരിയില്‍ സിഒടി നസീറിനെ തന്നെ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് സികെ പത്മനാഭന്‍. വേണ്ടെന്ന് പറഞ്ഞാലും അദ്ദേഹത്തിന് തന്നെ പിന്തുണ നല്‍കുമെന്ന് സികെ പത്മനാഭന്‍ പറഞ്ഞു.

ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഇറങ്ങുന്നില്ല എന്ന നസീറിന്റെ ആരോപണം ശരിയാണെന്നും പത്മനാഭന്‍ പറഞ്ഞു. തലശ്ശേരിയില്‍ ബിജെപിക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാണ്. അതിനാലാണ് പ്രശ്നങ്ങളെന്നും നസീറിനായി വോട്ട് ചോദിക്കാന്‍ പ്രവര്‍ത്തകരെ നേതൃത്വം തന്നെ ഇറക്കണമെന്നും സികെ പത്മനാഭന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍ വ്യക്തമാക്കിയിരുന്നത്. പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബിജെപി തങ്ങളുമായി സഹകരിക്കുന്നില്ലെന്നും നസീര്‍ പറഞ്ഞിരുന്നു.

‘ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ യാതൊരു സഹകരണവും ഇതുവരെയുണ്ടായില്ല. തലശ്ശേരിയിലെ ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയുമില്ല. പേരിന് മാത്രം പിന്തുണ എന്നുപറയുന്നതില്‍ കാര്യമില്ല. മറ്റുള്ള കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ആലോപിച്ച് തീരുമാനിക്കും’, എന്നായിരുന്നു സിഒടി നസീര്‍ പറഞ്ഞത്.

തലശ്ശേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ പത്രിക തള്ളിപോയിരുന്നു. നിലവില്‍ എന്‍ഡിഎയ്ക്ക് തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ല.

ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സിഒടി നസീര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ നടപടി ബിജെപി നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Exit mobile version