ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ കുട്ടിയുടെ കൈ മുറിച്ചുമാറ്റി; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

തലശേരി: ഫുട്ബാള്‍ കളിക്കുന്നതിനിടെ വീണ് എല്ലുപൊട്ടിയ കുട്ടിയുടെ കൈ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നു. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേഴ്‌സില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മകന്‍ 17കാരനായ സുല്‍ത്താന്‍ എന്ന കുട്ടിയുടെ കൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്. പാലയാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു.

അതേസമയം ആശുപത്രിയിലെ ചികിത്സാപിഴവ് കാരണമാണ് വീണ് എല്ലുപൊട്ടിയ കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒക്ടോബര്‍ 30 ന് വൈകുന്നേരം വീടിന് അടുത്തുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കിടെയാണ് സുല്‍ത്താന്‍ വീണ് പരിക്കേറ്റത്. എല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രി അധികൃതര്‍ സര്‍ജറി നടത്താന്‍ തയ്യാറയതെന്നും അപ്പോഴേക്കും കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്

കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. തുടര്‍ന്ന് കൈ മുഴുവനായി മുറിച്ചു മാറ്റാനാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ബന്ധുക്കള്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മുട്ടിനു താഴെ വെച്ച് മുറിച്ചത്.

അതേസമയം, തലശേരി ആശുപത്രിയുടെ അനാസ്ഥയാണ് കൈ മുറിച്ച് മാറ്റാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. വിഷയം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ആശുപത്രി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

also read- ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനം പിന്തുടര്‍ന്നെത്തി തടഞ്ഞു നിര്‍ത്തി; അസഭ്യ വര്‍ഷം നടത്തി; യുവാവ് പിടിയില്‍; വധശ്രമത്തിന് കേസ്

എന്നാല്‍ കുട്ടിക്ക് ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തലശ്ശേരി ജനറല്‍ ആശുപത്രി വിശദീകരിക്കുന്നത്. എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് രക്തയോട്ടം നിലയ്ക്കുന്ന കമ്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നെന്നും പിന്നീട് സര്‍ജറി ചെയ്‌തെങ്കിലും നീര്‍ക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയില്‍ പെട്ടത്. ഒപ്പം ബ്ലീഡിംഗും ഉണ്ടായി. ബ്ലീഡിംഗ് ഉണ്ടായില്ലെങ്കില്‍ കൈ രക്ഷിക്കാമായിരുന്നു എന്നാണ് ആശുപത്രി വിശദീകരിക്കുന്നത്.

Exit mobile version