ബസ് നിര്‍ത്തിയില്ല; ബഹളം വെച്ച് യാത്രക്കാരന്‍, ഒടുവില്‍ നിര്‍ത്തി ബസ് ഇറങ്ങിയതിന് പിന്നാലെ ബസിലേയ്ക്ക് കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ച് പ്രതികാരം

വെളിയങ്കോട്: ബസ് നിര്‍ത്താത്തതിന്റെ പേരില്‍ ബസിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ച് യാത്രക്കാരന്‍ പ്രതികാരം. പാലപ്പെട്ടി സ്വാമിപ്പടിയിലാണ് സംഭവം. കഴിഞ്ഞ ദിവസം 3ന് ആണ് സംഭവം. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് സര്‍വീസ് നടത്തുന്ന ടൗണ്‍ ടു കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലെ ചില്ലാണ് ഇറങ്ങിയതിനുശേഷം യാത്രക്കാരന്‍ കല്ലുകൊണ്ട് എറിഞ്ഞ തകര്‍ത്തത്.

സംഭവത്തിന് ശേഷം, യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു. പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ പുതിയിരുത്തിയില്‍ ഇറങ്ങാന്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ടൗണ്‍ ടു ബസിന് ഇവിടെ സ്റ്റോപ്പ് ഇല്ലായിരുന്നു.

ബഹളം വെച്ചതോടെ പാലപ്പെട്ടി സ്വാമിപ്പടിയില്‍ ഇറക്കി. ഇറങ്ങിയ ഉടനെ യാത്രക്കാരന്‍ റോഡരികില്‍ കിടന്ന് കല്ല് എടുത്ത് ചില്ലിന് എറിയുകയായിരുന്നെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍, പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ ഡിപ്പോയിലാണ് ബസാണ് ആക്രമിക്കപ്പെട്ടത്.

Exit mobile version