സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസിന് നേരെ കല്ലെറിഞ്ഞു: യുവതിക്ക് 5000 രൂപ പിഴ

ബംഗളൂരു: ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസിന് നേരെ കല്ലെറിഞ്ഞ യുവതിക്ക് 5000 രൂപ പിഴ. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ ഹുലിഗിയിലാണ് സംഭവം. ലക്ഷ്മി എന്ന യുവതിയാണ് ബസിന് നേരെ കല്ലെറിഞ്ഞത്.

ഹുലിഗെമ്മ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയതായിരുന്നു ലക്ഷ്മി. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഒരു ബസും സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്ന് ലക്ഷ്മി പറയുന്നു.

കോപ്പല്‍-ഹോസപേട്ട നോണ്‍-സ്റ്റോപ്പ് ബസിന് നേരെയാണ് ലക്ഷ്മി കല്ലെറിഞ്ഞത്. നിര്‍ത്തിയ ബസില്‍ ലക്ഷ്മി കയറിയിരിക്കുകയും ചെയ്തു. ബസ് ഡ്രൈവര്‍ അവിടെ നിന്ന് മുനീര്‍ബാദ് പോലീസ് സ്റ്റേഷനിലേക്കാണ് ബസ് ഓടിച്ചത്.

പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം മാപ്പ് പറയുകയും 5000 രൂപ പിഴ അടക്കുകയും ചെയ്തു. പിന്നീട് അതേ ബസില്‍ ലക്ഷ്മി ഗ്രാമമായ ഇല്‍ക്കലിലേക്ക് പോയി. ഇല്‍ക്കലിലേക്ക് പോകുകയായിരുന്ന മറ്റൊരു സ്ത്രീയും രണ്ട് കുട്ടികളുമാണ് ലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നത്.

ലക്ഷ്മിയും കൂട്ടരും തെറ്റായ വശത്താണ് നിന്നതെന്ന് ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ മുത്തപ്പ പറഞ്ഞു. അവര്‍ക്ക് പോകേണ്ട ലക്ഷ്യസ്ഥാനത്തേക്കുള്ള ബസ് സ്റ്റോപ്പ് അവര്‍ നില്‍ക്കുന്നതിന്റെ എതിര്‍വശത്തായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവര്‍ക്ക് ഇല്‍ക്കലിലേക്ക് ആണ് പോകേണ്ടത്. ഞങ്ങള്‍ക്ക് ഹൊസപേട്ടയിലേക്കും. അവര്‍ റോഡിന്റെ തെറ്റായ വശത്ത് ആണ് നിന്നത്. എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പിലാണ് അവര്‍ കാത്തിരിക്കേണ്ടത്. ഞങ്ങളുടെ ബസ് നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആയതിനാല്‍ വഴിയില്‍ നിര്‍ത്തരുത്. ഈ സമയത്താണ് അവര്‍ ബസിന് നേരെ കല്ലെറിഞ്ഞത്” എന്നും ഡ്രൈവര്‍ മുത്തപ്പ പറഞ്ഞു.

Exit mobile version