വൈഗയെ ഫ്‌ലാറ്റിൽ നിന്നും കൊണ്ടുപോയത് അബോധാവസ്ഥയിൽ; ഫ്‌ലാറ്റിനകത്ത് രക്തക്കറ; സനുമോഹനും മകൾ വൈഗയും തമ്മിൽ അകൽച്ചയിലായിരുന്നു എന്ന് അമ്മ

കാക്കനാട്: എറണാകുളത്ത് മുട്ടാർ പുഴയിൽനിന്ന് പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെടുത്ത കേസിൽ തുമ്പില്ലാതെ വലഞ്ഞ് പോലീസ്. കാണാതായ പിതാവ് സനുമോഹനു വേണ്ടിയുള്ള തെരച്ചിൽ എങ്ങുമെത്തിയില്ല. സനുമോഹനെ തേടി രണ്ടാമത്തെ അന്വേഷണ സംഘവും തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. തമിഴ്‌നാട്ടിൽ ഇയാൾ ഒളിവിൽ താമസിക്കാനിടയുള്ള ഇടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് അന്വേഷണ സംഘം യാത്ര പുറപ്പെട്ടത്. പ്രാദേശിക പോലീസിന്റെ സഹായവും തേടും.

ഇതിനിടെ കങ്ങരപ്പടിയിലെ സനുമോഹന്റെ ഫ്‌ലാറ്റിൽനിന്നു ലഭിച്ച രക്തക്കറ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഫഌറ്റിൽ നിന്ന് ഞായറാഴ്ച രാത്രി പുറത്തേക്ക് പോകുമ്പോൾ വൈഗ അബോധാവസ്ഥയിലായിരുന്നെന്നും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ഇതിനിടെ സനുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവനന്തപുരം പൂവാറിൽനിന്ന് കണ്ടെത്തിയെങ്കിലും അയാളുടേതല്ലെന്ന് പോലീസ് വ്യക്തമാക്കി. പൂവാറിലെത്തിയ ബന്ധുക്കളാണ് മൃതദേഹം സനുവിന്റേതല്ലെന്ന് ഉറപ്പാക്കിയത്. നേരത്തെ ആലുവയിൽനിന്ന് കണ്ടെടുത്ത മറ്റൊരു മൃതദേഹവും ഇയാളുടേതാണെന്ന് സംശയമുയർന്നിരുന്നെങ്കിലും അതും സനുവിന്റേതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

സനു മോഹൻ മകൾ വൈഗയെ കൊലപ്പെടുത്തി പുഴയിൽ ഉപേക്ഷിച്ചതാണെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ ലഭിക്കാത്തത് പോലീസിന് തലവേദനയായിരിക്കുന്നത്.

വൈഗയുമായി പിതാവ് സനുമോഹൻ രണ്ടു മാസമായി അകൽച്ചയിലായിരുന്നുവെന്ന് കുട്ടിയുടെ അമ്മ രമ്യ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ വലിയ സ്‌നേഹം കാണിച്ചിരുന്ന ഭർത്താവ് കുറച്ചുനാളായി തന്നോടും മകളോടും മാനസികമായ അകലം പാലിച്ചിരുന്നുവെന്നാണ് ഭാര്യ വ്യക്തമാക്കിയത്. ആലപ്പുഴയിലെ ഇവരുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.

Exit mobile version