പണ്ട് ഒരു നല്ല മനുഷ്യനായിരുന്നു നിങ്ങൾ; സ്വാമി അയ്യപ്പന്റെ പടമുള്ള ഷർട്ടുമിട്ടു നിങ്ങൾ ഇപ്പോൾ പറയുന്നത് മുഴുവനും വർഗീയത; സുരേഷ് ഗോപിയോട് ലക്ഷ്മി രാജീവ്

lekshmy rajeev and suresh gopi

തൃശ്ശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗ്ഗീയതയും സവർണതയും പറയാൻ മടിക്കാത്ത നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിക്ക് എതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്. സ്വാമി അയ്യപ്പന്റെ പടം വരച്ച ഷർട്ടുമിട്ടു സുരേഷ് ഗോപി ഇപ്പോൾ പറയുന്നത് മുഴുവനും വർഗീയതയും സവർണതയുമാണെന്ന് ലക്ഷ്മി രാജീവ് ചൂണ്ടിക്കാണിക്കുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

‘എല്ലാ മതങ്ങളിലെയും ആചാരങ്ങൾ നിങ്ങൾ സംരക്ഷിക്കുമെന്ന് സ്വാമി അയ്യപ്പന്റെ ചിത്രം വരച്ചു ചേർത്ത ഷർട്ടുമിട്ടു കൊണ്ട് നിങ്ങൾ പറയുമ്പോൾ നിങ്ങൾ ശരിക്കും ആരാണെന്നു ഓർത്തു പോകുകയാണ്. ഒരു സെകുലർ രാജ്യത്തെ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അതൊരു പുണ്യ പുരാതന ബാലെ അല്ലെന്ന് അറിയാനുള്ള വിദ്യാഭ്യാസം നിങ്ങൾക്കുണ്ട്. ബ്രാഹ്മണൻ ആകാൻ ആഗ്രഹിക്കുന്ന നിങ്ങളെ ബിജെപി പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിക്ക് വിലക്കെടുക്കാൻ പാകത്തിന് വളർത്തിയത് ദൈവമല്ല ഇന്നാട്ടിലെ സാധാരണ മനുഷ്യരാണ്. അതിൽ പട്ടിണി പാവങ്ങൾ വരെയുണ്ടാവും. അവരുടെ എന്തെങ്കിലും പ്രശ്‌നങ്ങൾ നിങ്ങൾ തെരഞ്ഞെടുപ്പിൽ അഡ്രെസ്സ് ചെയ്യുന്നുണ്ടോ?’- ലക്ഷ്മി വിമർശിക്കുന്നു.

ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയ സുരേഷ് ഗോപി
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയിരുന്നു പണ്ട്.
കുഞ്ഞു മകൾ ലക്ഷ്മിയുടെ മരണത്തിൽ നെഞ്ച് പൊട്ടി കരയുന്ന , സിനിമയിൽ ചാൻസ് ഇല്ലാത്ത കാലത്ത് ഉള്ള സങ്കടങ്ങൾ തുറന്നു പറഞ്ഞ, എന്നോ യാത്രയിൽ തമ്മിൽ കണ്ട പരിചയം സ്‌നേഹമായി സൂക്ഷിച്ച എവിടെ വിളിച്ചാലും ഓടിയെത്തുന്ന , വിളിച്ചാൽ ഫോൺ എടുക്കുന്ന സുരേഷ്‌ഗോപി.
അനീതിക്കും അക്രമത്തിനും എതിരെ പോരാടുന്ന ആദർശ ധീരനായ പോലീസ് ഓഫീസർ വേഷങ്ങളിൽ തിളങ്ങിയ നിങ്ങളിൽ ആകൃഷ്ടരായി പോലീസ് ജോലിയിൽ കയറിയ ചെറുപ്പക്കാർ നിരവധിയാണ്. നിങ്ങൾ ഒരു വർഗീയ പാർട്ടിയിൽ ചേരുമ്പോഴും അത്രയധികം ഞെട്ടൽ തോന്നിയില്ല. ആ പാർട്ടി നിങ്ങളെക്കൊണ്ട് അൽപ്പമെങ്കിലും മെച്ചപ്പെടുമെന്ന് ആശിച്ചു പോകാനുള്ള കനിവ് നിങ്ങളിൽ ഉണ്ടായിരുന്നു. നിങ്ങളിൽ മാത്രം. സ്വാമി അയ്യപ്പൻറെ പടം വരച്ച ഷർട്ടുമിട്ടു നിങ്ങൾ ഇപ്പോൾ പറയുന്നത് മുഴുവനും വർഗീയതയും സവർണതയുമാണ് . എല്ലാ മതങ്ങളിലെയും ആചാരങ്ങൾ നിങ്ങൾ സംരക്ഷിക്കുമെന്ന് സ്വാമി അയ്യപ്പൻറെ ചിത്രം വരച്ചു ചേർത്ത ഷർട്ടുമിട്ടു കൊണ്ട് നിങ്ങൾ പറയുമ്പോൾ നിങ്ങൾ ശരിക്കും ആരാണെന്നു ഓർത്തു പോകുകയാണ്. ഒരു സെകുലർ രാജ്യത്തെ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അതൊരു പുണ്യ പുരാതന ബാലെ അല്ലെന്ന് അറിയാനുള്ള വിദ്യാഭ്യാസം നിങ്ങൾക്കുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ സംഭാഷണത്തിലെ ഘടകങ്ങൾ? മഹിഷി, മാളികപ്പുറം, യുദ്ധം, നിഗ്രഹം,തേര് , ശംഖ് , കുന്തം , കൊടച്ചക്രം….. ബ്രാഹ്മണൻ ആകാൻ ആഗ്രഹിക്കുന്ന നിങ്ങളെ , ബിജെപി പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിക്ക് വിലക്കെടുക്കാൻ പാകത്തിന് വളർത്തിയത് ദൈവമല്ല ഇന്നാട്ടിലെ സാധാരണ മനുഷ്യരാണ്. അതിൽ പട്ടിണി പാവങ്ങൾ വരെയുണ്ടാവും.
അവരുടെ എന്തെങ്കിലും പ്രശ്‌നങ്ങൾ നിങ്ങൾ തിരഞ്ഞെടുപ്പിൽ അഡ്രെസ്സ് ചെയ്യുന്നുണ്ടോ? ഇല്ല.
പ്രശസ്തമായ ഒരു ചൈനീസ് കവിതയുണ്ട്. ഞാൻ ഒരു പൂമ്പാറ്റയാണോ, പൂമ്പാറ്റയാണെന്ന് സ്വപ്നം കാണുന്ന മനുഷ്യനാണോ എന്ന്. നിങ്ങൾ ശരിക്കും എന്തായിരുന്നു സുരേഷ് ഗോപി? നിങ്ങൾക്കെങ്കിലും അത് ബോധ്യമുണ്ടോ? വർഗീയ വാദിയായ സുരേഷ് ഗോപിയോ, അതോ വർഗീയ വാദി ആയിരിക്കെ നല്ലവനായി അഭിനയിച്ച സുരേഷ് ഗോപിയോ?
ഒരു കാര്യം മാത്രം അറിയാം സുരേഷ് ഗോപി, താങ്കൾ ഇപ്പോൾ ദൈവത്തിൽ നിന്നും ഒരുപാട് അകലെയാണ്. ഒരിക്കലും കാണാൻ സാധിക്കാത്ത വിധം അകലെ. നിങ്ങൾ തോൽക്കുമ്പോൾ ഓർക്കുക, ദൈവം നിങ്ങളുടെ കൂടെ ഇല്ലെന്നു മാത്രം.ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള അവസരം നിങ്ങൾ എന്തിനാണ് വേണ്ടെന്നു വച്ചത്? നിങ്ങളോട് ഇത് മാത്രം ചോദിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ ബാക്കി വയ്ക്കുന്നു.

Exit mobile version