ലതിക സുഭാഷിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും കോൺഹ്രസ് പുറത്താക്കി; തീരുമാനം അനുനയം പാളിയതോടെ

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നൽകാത്തതിനെ തുടർന്ന് പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. അനുനയ ചർച്ചകളും ഫലം കാണാതായതിനെ തുടർന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ലതികയെ പുറത്താക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ കൂടിയായിരുന്ന ലതികാ സുഭാഷ് തല മുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. പിന്നീട് ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തേക്ക് ഇറങ്ങുകയും ചെയ്തിരുന്നു.

തുടർന്ന് മഹിളാകോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞുള്ള വാർത്ത സമ്മേളനത്തിനുശേഷമായിരുന്നു ലതിക ചർച്ചയ്ക്ക് ഒന്നും ഇടനൽകാതെ പരസ്യപ്രതിഷേധം നടത്തിയത്.

സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾ തഴയപ്പെട്ടെന്ന് വാർത്താ സമ്മേളനത്തിൽ ലതിക പറഞ്ഞിരുന്നു. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ത്രീകളാണ് കടുത്ത അവഗണന അനുഭവിക്കുന്നത്. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും 14 ജില്ലകളിൽ 14 വനിത സ്ഥാനാർത്ഥികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ലതിക പ്രതികരിച്ചിരുന്നു.

Exit mobile version