കോന്നിയിലെ രാഹുലിന്റെ റോഡ് ഷോയില്‍ ജനപങ്കാളിത്തം കുറഞ്ഞു; അന്തം വിട്ട് കോണ്‍ഗ്രസ്, രോഷാകുലരായി നേതാക്കള്‍, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമോ എന്ന ആശങ്ക

Rahul Gandhi road show | Bignewslive

കോന്നി: കഴിഞ്ഞ ദിവസം നടന്ന കോന്നിയില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രാദേശിക നേതാക്കളോടും സംസ്ഥാന നേതാക്കളോടും പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. കേരളത്തിലെ മറ്റു ജില്ലകളില്‍ എല്ലാം രാഹുല്‍ ഗാന്ധിയുടെ പര്യടനം ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായപ്പോള്‍ പത്തനംതിട്ടയിലെ രണ്ടു സ്ഥലത്തും പ്രതീക്ഷിച്ച ജനങ്ങള്‍ ഉണ്ടായില്ല എന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നിയിലെത്തിയപ്പോഴുണ്ടായ ജനപങ്കാളിത്തം

കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എംപി, ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്റര്‍ എന്നിവര്‍ റോഡ് ഷോയിയില്‍ ഒപ്പം ഉണ്ടായിരുന്നെങ്കിലും ആയിരത്തില്‍ താഴെ മാത്രം പ്രവര്‍ത്തകരായിരുന്നു രാഹുല്‍ ഗാന്ധിയുടെ കോന്നിയിലെ റോഡ് ഷോയ്ക്കായി എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നിയിലെത്തിയപ്പോഴുണ്ടായ ജനപങ്കാളിത്തം

രാവിലെ പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷം രാഹുല്‍ ഗാന്ധി കോന്നിയിലേയ്ക്ക് എത്തുകയായിരുന്നു. എന്നാല്‍ കോന്നി ടൗണില്‍ റോഡ് ഷോയായി എത്തിയ രാഹുലിനെ കാത്ത് നിന്നത് ആയിരത്തില്‍ താഴെ പ്രവര്‍ത്തകരും 200 ല്‍ താഴെ ബൈക്കും അത്രയും തന്നെ കാറുമാണ് ഉണ്ടായിരുന്നത്. വാഹന അകമ്പടി ജില്ലയില്‍ നിന്ന് മൊത്തമായിയാണ് കോണ്‍ഗ്രസ്സ് നേതൃത്വം സംഘടിപ്പിച്ചിരുന്നതും. പ്രമാടം -കോന്നി- വെട്ടൂര്‍ – കുമ്പഴ – പത്തനംതിട്ട ടൗണ്‍ – റാന്നി എന്നിങ്ങനെയായിരുന്നു റോഡ് ഷോ റൂട്ട്.

രാഹുല്‍ ഗാന്ധി കോന്നിയില്‍ എത്തിയപ്പോഴുണ്ടായ ജനപങ്കാളിത്തം

അതേസമയം ചന്ത മൈതാനിയില്‍ കഴിഞ്ഞ 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍ഡിഎഫ് പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ആളുകള്‍ കുറഞ്ഞത് ജില്ലാ പ്രാദേശിക നേതൃത്വത്തിന്റെ പിടിപ്പുകേടാണ് എന്ന വിലയിരുത്തലില്‍ ആണ് കോണ്‍ഗ്രസ്സ് ദേശീയ -സംസ്ഥാന നേതൃത്വം. അടൂര്‍ പ്രകാശിന്റെ നോമിനിയെ ,സ്ഥാനാര്‍ത്ഥി ആക്കുന്നതിനെതിരെ നേരത്തെ ഡി സി സി പ്രസിഡന്റും യു ഡി എഫ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന മോഹന്‍രാജ് അടക്കമുള്ളവര്‍ക്ക് ശക്തിയായി പ്രതിഷേധിച്ചിരുന്നു.

സ്ഥാനാര്‍ഥിക്കെതിരെ ഡിസിസി സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ പരസ്യമായി പത്ര സമ്മേളനവും നടത്തിയ സ്ഥലമാണ് കോന്നി. അടൂര്‍ പ്രകാശിന്റെയും കോന്നി സ്ഥാനാര്‍ഥിക്കെതിരെയും പ്രതിഷേധമുള്ള ശക്തരായ കോണ്‍ഗ്രസ്സിലെ എതിര്‍ വിഭാഗത്തിന്റെ ഇടപെടല്‍ രാഹുലിന്റെ പരിപാടിയിലെ ജനപങ്കാളിത്തം കുറഞ്ഞതിന്റെ പിന്നില്‍ ഉണ്ടായിട്ടുണ്ടോ എന്നും നേതൃത്വം അന്വേഷിക്കുന്നുണ്ട്.

മാറി മാറി ഇടതുപക്ഷത്തേയും വലതു പക്ഷത്തേയും തെരഞ്ഞെടുത്തിരുന്ന കോന്നി അടൂര്‍ പ്രകാശിന്റെ വരവോടെ യുഡിഎഫ് മണ്ഡലം ആയി മാറുകയായിരുന്നു. അടൂര്‍ പ്രകാശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് എംപി ആയതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ടാണ് എല്‍ഡിഎഫിലെ യുവ നേതാവ് അഡ്വ കെയു ജനീഷ് കുമാര്‍ വിജയക്കൊടി പാറിച്ചത് .

ഒന്നര വര്‍ഷം മാത്രം സമയം ലഭിച്ചതെങ്കിലും അനുമതി ലഭിച്ചിട്ടും പണി നടക്കാതെ നിശ്ചലമായി കിടന്നിരുന്ന മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സ വരെ ആരംഭിക്കാന്‍ കഴിഞ്ഞത് , താലൂക്ക് ആശുപത്രി വികസനം ,കെ എസ് ഇ ബി സബ്സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ഡിപ്പോയുടെ അനുമതി ,ഡി വൈ എസ് പി ഓഫീസ്, നൂറിലധികം റോഡുകള്‍ ,ആറു കിലോമീറ്ററോളം ഭൂമിക്കടിയിലൂടെ 60 പേര്‍ക്ക് മാത്രം താമസിക്കുന്ന ആവണിപ്പാറ ആദിവാസി കോളനിയിലേക്ക് വൈദ്യുതി എത്തിച്ചത് ,എലഫെന്റ് മ്യൂസിയം നവീകരണം ,നിരവധി സ്‌കൂളുകള്‍ ഹൈടെക്ക് ആക്കിയത് ,ലൈഫ് പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് വീട് കൊടുത്തത് ,ജനങ്ങളുടെ പ്രശനങ്ങള്‍ നേരിട്ടെത്തി പരിഹരിക്കുന്ന ജനസഭ അങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വന്നതിന്റെ ആത്മവിശ്വാസത്തില്‍ ബഹുദൂരം മുന്‍പിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജനീഷ് കുമാര്‍.

ബിജെപി പ്രസിഡന്റ് ആയ കെ സുരേന്ദ്രന്‍ കൂടി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വന്നതോടെ മണ്ഡലത്തില്‍ ത്രികോണ മത്സരം ആയി മാറുകയായിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വം ശക്തമായി ഇടപെട്ടില്ലെങ്കില്‍ യു ഡി എഫിന് നാണക്കേടായി മൂന്നാം സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥി പിന്തള്ളപ്പെട്ടേക്കാം എന്ന ആശങ്കയും മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് അണികള്‍ക്കുണ്ട്.

Exit mobile version