തൃശ്ശൂര്‍ പൂരം എല്ലാ ചടങ്ങുകളോടെയും നടത്തും; ജനപങ്കാളിത്തത്തിന് നിയന്ത്രണം ഉണ്ടാകില്ല

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം എല്ലാ ചടങ്ങുകളോടെയും നടത്താന്‍ തീരുമാനം. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളി തുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കില്ല. പൂരത്തില്‍ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഉണ്ടാകില്ലെന്നും തീരുമാനിച്ചു. ജില്ലാ കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

എട്ട് ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തും. പതിനഞ്ച് വീതം ആനകളുണ്ടാകും. വെടിക്കെട്ടും പൂരം എക്‌സിബിഷനും ഉണ്ടാകും. എക്‌സബിഷന് നിയന്ത്രണമുണ്ടാകില്ല. എക്‌സബിഷന് പ്രതിദിനം 200 പേര്‍ക്ക് മാത്രം അനുമതി എന്ന നിയന്ത്രണം നീക്കി.

കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂരംപ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. പൂരം എക്‌സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അടിയന്തിരമായി ഇടപെടുകയും ജില്ലാഭരണകൂടം അനുകൂല തീരുമാനം എടുക്കുകയുമായിരുന്നു. അടുത്ത മാസം 23നാണ് തൃശ്ശൂര്‍ പൂരം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കും എന്ന് പൂരം സംഘാടക സമിതി അറിയിച്ചു.

Exit mobile version