കാൽ ലക്ഷത്തിലേറെ വോട്ടും കൈയ്യിൽ പിടിച്ച് ബിജെപി സ്ഥാനാർത്ഥിയില്ലാതെ വിങ്ങുന്നു; ഈ വോട്ട് വേണ്ടെന്ന് സിപിഎം; മിണ്ടാതെ കോൺഗ്രസ്; സ്വതന്ത്രർക്കും വേണ്ട ബിജെപി വോട്ട്!

bjp

തലശ്ശേരി: നാമനിർദേശ പത്രിക തള്ളുക, കാൽ ലക്ഷത്തോളം വോട്ട് കൈയ്യിൽ പിടിച്ച് എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് ബിജെപി. മുമ്പെങ്ങും ഇതുപോലെ ഒരു പ്രതിസന്ധി ബിജെപി നേരിട്ടിട്ടുണ്ടാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി സാക്ഷാൽ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരുന്ന തലശ്ശേരിയിൽ ജില്ലാ പ്രസിഡന്റിന്റെ പത്രികയാണ് തള്ളിപ്പോയിരിക്കുന്നത്. സമാനമായി വോട്ടിന്റെ ധാരാളിത്തമുള്ള ഗുരുവായൂരും ഇതുതന്നെ ബിജെപിയുടെ അവസ്ഥ. ഗുരുവായൂരിൽ സ്വതന്ത്രന് പിന്തുണ നൽകി പ്രശ്‌നം അവസാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തലശ്ശേരിയിൽ കാര്യങ്ങൾ കൈയ്യിൽ നിന്നും പോയമട്ടാണ്.

ബിജെപിയുടെ പോരാട്ടം വോട്ടെടുപ്പിന് മുമ്പ് തന്നെ അവസാനിപ്പിച്ചതോടെ തലശ്ശേരിയിൽ സിപിഎം-കോൺഗ്രസ് പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. തങ്ങളുടെ വോട്ടുകൾ ആർക്കാണ് നൽകേണ്ടതെന്ന് ബിജെപിക്ക് പറയാനാകുന്നില്ല. സ്വതന്ത്രന്മാർ തലശ്ശേരിയിൽ മത്സരത്തിനുണ്ടെങ്കിലും അവരാരും ബിജെപിയോട് ചേർന്നു പോകുന്നവരല്ല.

സിറ്റിങ് എംഎൽഎയായ സിപിഎമ്മിന്റെ എഎൻ ഷംസീറിനെതിരെ രംഗത്തുള്ള മുൻ സിപിഎം പ്രവർത്തകൻ സിഒടി നസീറിനെ പിന്തുണയ്ക്കാൻ ഒരുങ്ങിയെങ്കിലും അദ്ദേഹം ബിജെപി വോട്ട് വേണ്ടെന്ന നിലപാടിലാണ്. എല്ലാവരുടെയും വോട്ട് സ്വീകരിക്കുകയാണ് നിലപാടെങ്കിലും ബിജെപിയുമായുള്ള സഖ്യത്തിന് അദ്ദേഹത്തിന് താൽപര്യമില്ല.

മുമ്പ് ആർഎസ്എസ്-സിപിഎം തർക്കഭൂമിയായിരുന്ന തലശ്ശേരിയിൽ വെച്ച് ആർഎസ്എസ് വോട്ട് വേണ്ടെന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെ പരസ്യമായി പറഞ്ഞ ചരിത്രമാണ് ഇടതുപക്ഷത്തിന് ഉയർത്തിക്കാണിക്കാനുള്ളത്. അതുകൊണ്ടുതന്നെ ബിജെപി അനുകൂല വോട്ടുകൾ സിപിഎമ്മിന് വീഴില്ലെന്ന് ഉറപ്പാണ്.

എന്നാല് ബിജെപിയുടെ കുറച്ച് വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസിലെ എംപി അരവിന്ദാക്ഷന് ലഭിക്കാൻ സാധ്യതയുണ്ട്. എല്ലാവരുടെയും വോട്ടുകൾ സ്വീകരിക്കുമെന്ന പതിവ് ശൈലിയിലാണ് യുഡിഎഫിന്റെ പ്രചാരണം. എന്നാൽ, പരസ്യമായി ബിജെപി വോട്ട് ചോദിക്കാൻ യുഡിഎഫിനും ആശയപരമായി പരിമിതിയയുണ്ട്. അത് മുസ്ലിം വോട്ടുകൾ ചോർത്തുമെന്നാണ് കോൺഗ്രസ്-യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടൽ.

ഗുരുവായൂരും ദേവികുളത്തും സ്വതന്ത്രർക്ക് പിന്തുണനൽകി തൽക്കാലം ആശ്വസിക്കുന്ന ബിജെപിക്ക് പക്ഷേ തലശ്ശേരിയിൽ ആ തന്ത്രം നടക്കാനിടയില്ല. അമിത് ഷായുടെ പരിപാടി റദ്ദാക്കാൻ പോലും നിർബന്ധിതരായ ബിജെപി ജില്ലാ നേതൃത്വമാകട്ടെ ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്. അമിത് ഷായുടെ പരിപാടി റദ്ദാക്കിയത് ജില്ലയിലെ ബിജെപിയുടെ മൊത്തം പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. യുഡിഎഫിന് പിന്തുണനൽകിയാൽ ഒത്തുകളിയെന്ന ആക്ഷേപത്തിനും ആക്കം കൂട്ടും.

Exit mobile version