‘പത്രിക പിന്‍വലിക്കാന്‍ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല’: ബിജെപിയില്‍ ചേര്‍ന്ന മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ അപരന്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദര ഇന്ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കും. താന്‍ ബിജെപിയില്‍ ചേര്‍ന്നെന്നും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ സുന്ദരയെ കാണാതായിരുന്നു.

ബിജെപിയുടെ ഭീഷണിയെ തുടര്‍ന്നാണ് സുന്ദര പത്രിക പിന്‍വലിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബിഎസ്പി ജില്ലാ കമ്മിറ്റി ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പത്രിക പിന്‍വലിക്കാന്‍ തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സൗഹൃദ സംഭാഷണം മാത്രമാണ് ബിജെപിയുമായി ഉണ്ടായതെന്നും കെ സുന്ദര മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് അപരനായി മത്സരിച്ച വ്യക്തിയാണ് കെ സുന്ദര. ഇത്തവണ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സുന്ദര നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. ഇന്നലെ മുതല്‍ സുന്ദരയെ ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല.

സുന്ദരയെ ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുന്ദരക്ക് സംരക്ഷണം നല്‍കണമെന്നും ബിഎസ്പി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുന്ദര ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.

2016ല്‍ മഞ്ചേശ്വരത്ത് കെ സുന്ദര സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് 467 വോട്ടുകള്‍ നേടിയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് സുന്ദരയെ കൈയോടെ പിടികൂടി ബിജെപിയില്‍ എത്തിച്ചത്. ഇത്തവണ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലും കാസര്‍ക്കോട്ടെ മഞ്ചേശ്വരത്തും.

Exit mobile version