പത്രിക പിൻവലിക്കാൻ ഇന്നുകൂടി അവസരം; ഡമ്മികൾക്ക് പത്രിക പിൻവലിക്കാം; തെരഞ്ഞെടുപ്പ് കളം തെളിയും

nomination_

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിനം ഇന്ന്. എൽഡിഎഫും യുഡിഎഫും എൻഡിഎയും ചെറുകക്ഷികളും എല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണെങ്കിലും മത്സരരംഗത്ത് ആരൊക്കെ വാഴും വീഴും എന്ന് ഇന്ന് അറിയാം. പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമചിത്രം ഉടൻതെളിയും.

പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ സ്ഥാനാർത്ഥികൾ കുറവാണ്. 2180 പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം 140 മണ്ഡലങ്ങളിലേക്ക് സാധുവായത് 1061 എണ്ണമാണ്. ഇതിൽ ഡമ്മികൾ തിങ്കളാഴ്ച പിൻലിക്കും.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1203 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. തദ്ദേശതിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികൾ കുറവായിരുന്നു. മുൻകാലങ്ങളിലെക്കാൾ പത്രികാസമർപ്പണത്തിന് നൂലാമാലകളാണ് ഇപ്പോഴുള്ളത്. സ്വത്തുവിവരം, ക്രിമിനൽ കേസുകളുണ്ടെങ്കിൽ സത്യവാങ്മൂലം നൽകുന്നതിനുപുറമേ പത്രങ്ങളിൽ പരസ്യവും നൽകണം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ സ്വതന്ത്രരുടെ തള്ളിക്കയറ്റം കുറഞ്ഞു. ക്രിമിനൽകേസിൽപ്പെട്ടവർ മത്സരിക്കുന്നതിന്റെകാരണം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്ന വ്യവസ്ഥകൂടി ഇത്തവണയുണ്ട്.

ഈ വിവരങ്ങളെ സംബന്ധിച്ച് സമയബന്ധിതമായി കണക്കുകൊടുത്തില്ലെങ്കിൽ അയോഗ്യരാവും. പൊതുവിഭാഗത്തിൽ 10,000 സംവരണവിഭാഗക്കാർക്ക് 5000 എന്നിങ്ങനെയാണ് കെട്ടിവെക്കേണ്ട തുക.

Exit mobile version