മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരന്‍ പത്രിക പിന്‍വലിച്ചു; ബിജെപിയില്‍ ചേര്‍ന്നു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥി സുന്ദര പത്രിക പിന്‍വലിച്ച് എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര ഇത്തവണ ബിഎസ്പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും അദ്ദേഹം കെ സുരേന്ദ്രന് വേണ്ടി നോമിനേഷന്‍ പിന്‍വലിച്ച് എന്‍ഡിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

നേരത്തെ, ബിഎസ്പി സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി ബിഎസ്പി ജില്ല നേതൃത്വം പരാതി നല്‍കിയിരുന്നു. മഞ്ചേശ്വരത്ത് മത്സരിക്കുന്ന ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയെ ഫോണില്‍ പോലും ലഭിക്കുന്നില്ലെന്ന് ആയിരുന്നു ജില്ല പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ മണ്ഡലമായിരുന്നു മഞ്ചേശ്വരം. മുസ്ലിം ലീഗിന്റെ പിബി അബ്ദുള്‍ റസാഖ് ഇവിടെ 56, 870 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. കെ സുരേന്ദ്രന്‍ 56, 781 വോട്ടുകള്‍ നേടി. വെറും 89 വോട്ടുകള്‍ക്ക് ആയിരുന്നു സുരേന്ദ്രന്റെ പരാജയം. എന്നാല്‍, കെ സുരേന്ദ്രന്റെ അപരനായി എത്തിയ കെ സുന്ദര 467 വോട്ടുകള്‍ നേടി. ഇത്തവണ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് സുന്ദരയെ കൈയോടെ പിടികൂടി ബിജെപിയില്‍ എത്തിച്ചത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ഇന്നലെ വൈകുന്നേരം മുതല്‍ സുന്ദരയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ല നേതൃത്വത്തിന്റെ ആക്ഷേപം. എന്നാല്‍, സുന്ദരയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നുവെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

എന്നാല്‍ സുന്ദരയും, കുടുംബവും ബിജെപിയില്‍ ചേര്‍ന്നുവെന്ന് ബിജെപി നേതൃത്വം പറയുന്നു. സുന്ദര നാളെ പത്രിക പിന്‍വലിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

Exit mobile version