ധർമ്മടത്തെ ധർമ്മസങ്കടം ഒഴിഞ്ഞ് കോൺഗ്രസ്; പാർട്ടി പറയും മുൻപെ പത്രിക സമർപ്പിച്ച സി രഘുനാഥ് തന്നെ സ്ഥാനാർത്ഥി; പാർട്ടി ചിഹ്നം അനുവദിച്ചു

c-raghunath-and-pinarayi

കണ്ണൂർ: ധർമ്മടത്ത് എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയായി ആരുവേണമെന്ന പ്രതിസന്ധിയിൽ കുടുങ്ങിക്കിടന്ന കോൺഗ്രസിന് ഒടുവിൽ ആശ്വാസം. പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ നാമനിർദേശ പത്രിക സമർപ്പിച്ച കണ്ണൂർ ഡിസിസി അധ്യക്ഷൻ സി രഘുനാഥിന് ഒടുവിൽ പാർട്ടിയുടെ അംഗീകാരം. സി രഘുനാഥിന് ഒടുവിൽ ചിഹ്നം അനുവദിച്ച് കെപിസിസി തീരുമാനമെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഔദ്യോഗിക പ്രസ്താവന വന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ ചിഹ്നം അനുവദിച്ചുകൊണ്ടുള്ള കത്ത് സി രഘുനാഥിന് കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് ധർമ്മടത്ത് ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രഘുനാഥ് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ഈ വിവരം താൻ അറിയില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. അതേസമയം, സ്ഥാനാർത്ഥിയാണ് താൻ എന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പത്രിക സമർപ്പിച്ചതെന്നാണായിരുന്നു സി രഘുനാഥിന്റെ പ്രതികരണം. പത്രികാ സമർപ്പണം ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും. ഇതിനിടെയാണ് കെപിസിസി രഘുനാഥിന് ചിഹ്നം അനുവദിച്ച് നൽകുന്നത്.

നേരത്തെ, ധർമ്മടത്ത് ശക്തനായ സ്ഥാനാർത്ഥി വേണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യത്തെ തുടർന്ന് കെ സുധാകരൻ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ധർമ്മടത്ത് കെ സുധാകരൻ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. എന്നാൽ കെ സുധാകരൻ സ്ഥാനാർത്ഥിയാവാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Exit mobile version