ജനങ്ങൾ എൽഡിഎഫിനൊപ്പം; സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രതിപക്ഷം കടുത്ത നിരാശയിൽ: മുഖ്യമന്ത്രി

മലപ്പുറം: തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും പ്രതിപക്ഷം കടുത്ത നിരാശയിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഇടതുമുന്നണിയിൽ ജനം വലിയ തോതിൽ പ്രതീക്ഷയും വിശ്വാസവും പുലർത്തുന്നു. എൽഡിഎഫിന്റെ ജനപിന്തുണ വർധിച്ചുവെന്നും വികസനം മുന്നോട്ടുപോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ പുരോഗതിയുണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസർക്കാരിന് മാറ്റാനായി. സംസ്ഥാനത്തെ വികസനം ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വികസന കാര്യങ്ങളിൽ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. എവിടെ വികസനമെന്ന ചോദ്യം തന്നെ നിരാശയിൽ നിന്നാണ്. അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേരളം നല്ലരീതിയിൽ മാറിയിരിക്കുന്നു. സാമൂഹികനീതിയിൽ അധിഷ്ഠിതമായ വികസനമാണ് നടപ്പാക്കിയത്. പ്രളയം ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അവസരമാക്കി മാറ്റി നാടിന്റെ വികസനത്തിന് ഉതകുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി വിശദമാക്കി. മുഖ്യമന്ത്രി മലപ്പുറത്ത് പങ്കെടുത്ത ചടങ്ങുകളിൽ വൻജനപങ്കാളിത്തമുണ്ടായത് എൽഡിഎഫിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Exit mobile version