ഹര്‍ത്താല്‍ ജനങ്ങളെ വലയ്ക്കുമ്പോഴും നേതാക്കള്‍ക്കിതൊന്നും ബാധകമല്ലെന്ന് പ്രഖ്യാപിച്ച് ബിജെപി; പൊതു ജനത്തെ വിഡ്ഢികളാക്കി കല്യാണത്തിന് എഎന്‍ രാധാകൃഷ്ണന്‍ എത്തിയതും മടങ്ങിയതും സ്വന്തം കാറില്‍

ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന ആറാമത്തെ ഹര്‍ത്താലാണിത്

തിരുവനന്തപുരം: അപ്രതീക്ഷിത ഹര്‍ത്താലുകളുടെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബിജെപി നേതാക്കളും അണികളും തടയുമ്പോള്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാക്കള്‍. ഹര്‍ത്താല്‍ ദിനമായ ഇന്ന് സഹോദരന്റെ മകളുടെ കല്യാണത്തിന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ എത്തിയതും മടങ്ങിയതും സ്വന്തം കാറിലാണ്. പേട്ട ശ്രീപൂര്‍ണ ഓഡിറ്റോറിയത്തിലാണ് എഎന്‍ രാധാകൃഷ്ണന്റെ സഹോദരന്റെ മകളുടെ വിവാഹം നടന്നത്.

ഹര്‍ത്താലില്‍ പൊതുജനങ്ങള്‍ കഷ്ട്ടപ്പെടുമ്പോളാണ് ബിജെപി നേതാവ്
ജനത്തെ പരിഹസിച്ച് കാറില്‍ കല്യാണം കൂടാന്‍ എത്തിയത്. ന്യൂസ് 18 നാണു ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന ആറാമത്തെ ഹര്‍ത്താലാണിത്. ഇതില്‍ ഭൂരിഭാഗം ഹര്‍ത്താലുകളും അനാവശ്യമായിരുന്നുവെന്ന് നേരത്തെ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നതാണ്. ഇതിനു പിന്നാലെയാണ് സ്വന്തം കാറില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കല്യാണം കൂടാന്‍ ബിജെപി നേതാവിന്റെ വരവ്.

തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായരുടെ ആത്മഹത്യയ്ക്ക് കാരണം ശബരിമല വിഷയമാണെന്ന് ആരോപിച്ചാണ് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നത്. ബിജെപിയുടെ സമരപ്പന്തലിനു മുന്നിലാണ് ഇയാള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

Exit mobile version