കോന്നിയില്‍ രണ്ടാം അങ്കത്തിന് ഒരുങ്ങി കെയു ജനീഷ് കുമാര്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശോജ്വല തുടക്കം

KU Janeesh Kumar | Bignewslive

കോന്നി: അഡ്വ. കെയു ജനീഷ് കുമാറിനെ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ അട്ടിമറി ജയം നടത്തിയായിരുന്നു ജനീഷ് കുമാര്‍ കോന്നിയില്‍ ചെങ്കൊടി പാറിപ്പിച്ചത്.

ഇപ്പോള്‍, രണ്ടാംഅങ്കത്തിന് ജനീഷിനെ മുന്നണി നിയോഗിച്ച വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനും എല്‍ഡിഎഫ് തുടക്കം കുറിച്ചു. ചിറ്റാര്‍ ടൗണിലായിരുന്നു അഡ്വ. കെയു ജനീഷ് കുമാറിന്റെ പ്രചാരണം ആരംഭിച്ചത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മലയോര മേഖലയില്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചരണം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏരിയ സെക്രട്ടറി എസ് ഹരിദാസ്,ഏരിയ കമ്മിറ്റിയംഗങ്ങളായ എംഎസ് രാജേന്ദ്രന്‍, കെ.ജി മുരളീധരന്‍, പ്രവീണ്‍ പ്രസാദ്, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി റ്റി ഈശോ, ജില്ലാപഞ്ചായത്തംഗം ലേഖാ സുരേഷ്, മറ്റു ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മണ്ഡലത്തിലെ വിവിധ മേഖലകളില്‍ ചുമര്‍ എഴുത്തിനും പോസ്റ്റര്‍ ഒട്ടിക്കലും ഇതിനോടകം തന്നെ ആരംഭിച്ചു. ഇതോടെ ഇത്തവണ കോന്നിയില്‍ ആദ്യം പ്രചരണത്തിന് തുടക്കം കുറിക്കാനും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍എല്‍ബിയും കരസ്ഥമാക്കിയ അഡ്വ. കെയു ജനീഷ് കുമാര്‍ പത്തനംതിട്ട ബാറിലെ അഭിഭാഷകനും കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഭരണസമിതി അംഗമാണ്.

സീതത്തോട് കെആര്‍പിഎം എച്ച്എസ് എസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റാന്നിയില്‍ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതിന് ശേഷം, എസ്എഫ്ഐയുടെ പത്തനംതിട്ട ജില്ലാ അധ്യക്ഷനായും, സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പിന്നീട് യുവജനപ്രസ്ഥാനത്തില്‍ സജീവമായതോടെ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.

നിലവില്‍ കെയു ജനീഷ് കുമാര്‍ ഡിവൈഎഫ്ഐയുടെ സംസ്ഥാന ഉപാധ്യക്ഷനും കേന്ദ്ര കമ്മിറ്റിയംഗവുമാണ്. ചെറിയ പ്രായത്തില്‍ തന്നെ സിപിഎം സീതത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ല കമ്മറ്റി അംഗമാണ്. പരേതനായ പിഎ ഉത്തമനാണ് പിതാവ്. അമ്മ വിജയമ്മ. ഭാര്യ അനുമോള്‍. ന്യപന്‍ കെ ജിനീഷ് , ആസിഫ അനു ജിനീഷ് എന്നിവര്‍ മക്കളാണ്.

Exit mobile version