സ്‌കൂൾ കാലം തൊട്ട് ആർഎസ്എസുകാരൻ; തന്റെ മൂല്യങ്ങളുടെ അടിത്തറയും ദേശ സുരക്ഷയുടെ നാലാം തൂണുമാണ് ആർഎസ്എസ്; ബിജെപി വർഗീയ പാർട്ടിയെന്ന പ്രചാരണം അതിജീവിക്കണമെന്നും ഇ ശ്രീധരൻ

കൊച്ചി: സ്‌കൂൾ വിദ്യാഭ്യാസ കാലം തൊട്ട് താൻ ആർഎസ്എസുകാരനായിരുന്നെന്ന പ്രസ്താവനയുമായി ഇ ശ്രീധരൻ. ഔദ്യോഗിക പദവിയിൽ രാഷ്ട്രീയം കലർത്താൻ താത്പര്യം ഇല്ലാതിരുന്നതിനാൽ നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയായിരുന്നെന്നു അദ്ദേഹം ആർഎസ്എസ് മുഖപത്രമായ കേസരിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു, തന്നിൽ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആർഎസ്എസ് ആണെന്നും ശ്രീധരൻ പറഞ്ഞു.

പാലക്കാട്ട് സ്‌കൂൾ വിദ്യാഭ്യാസ കാലത്താണ് ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. സെക്കൻഡ് ഫോം മുതൽ പത്താം ക്ലാസ് വരെയും വിക്ടോറിയ കോളജിലെ ഇന്റർമിഡിയറ്റ് കാലത്തും അതു തുടർന്നെന്നും അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂർ കോവിലകത്തെ ടിഎൻ ഭരതനും രാ വേണുഗോപാലുമാണ് തനിക്ക് ശിക്ഷണം നൽകിയതെന്നും ശ്രീധരൻ പറഞ്ഞു.

ഇതോടൊപ്പം, ദേശ സുരക്ഷയുടെ നാലാം തൂണാണ് ആർഎസ്എസ് എന്ന ജസ്റ്റിസ് കെടി തോമസിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നെന്നു പറഞ്ഞ ഇ ശ്രീധരൻ കേരളത്തിൽ ബിജെപി വർഗീയ പാർട്ടിയാണെന്ന പ്രചാരണത്തെ അതിജീവിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. ദേശസുരക്ഷയ്ക്കു വേണ്ടി നിൽക്കുന്ന പാർട്ടിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ നേതൃത്വം ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സുരേന്ദ്രന്റെ നടപടിയിൽ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിക്കുകയാണ് നിലപാടിൽ നിന്നും കെ സുരേന്ദ്രനും വി മുരളീധരനും പിന്മാറുകയും ചെയ്തിരുന്നു.

സുരേന്ദ്രന്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന പൊതുപരിപാടിക്കിടെ ഫെബ്രുവരി 26 നാണ് ശ്രീധരൻ ബിജെപിയിൽ അംഗത്വമെടുത്തത്.

Exit mobile version