പണയം വെച്ച 2.3 കോടിയുടെ സ്വര്‍ണ്ണവുമായി കടന്ന ബാങ്ക് ജീവനക്കാരിയും ഭര്‍ത്താവും പോലീസില്‍ കീഴടങ്ങി; കീഴടങ്ങല്‍ ഒരു മാസത്തെ ഒളിവിനു ശേഷം

ആലുവ: യൂണിയന്‍ ബാങ്ക് ആലുവ ശാഖയില്‍ നിന്നും നിരവധി ഇടപാടുകാര്‍ പണയം വെച്ച 2.3 കോടി രൂപ വിലയുളള 9 കിലോഗ്രാം പണയസ്വര്‍ണം സ്‌ട്രോങ് റൂമില്‍നിന്നു തട്ടിയെടുത്ത കേസിലെ ദമ്പതികളായ പ്രതികള്‍ കീഴടങ്ങി. ഒരു മാസം ഒളിവിലായിരുന്ന ദമ്പതികളാണ് പോലീസില്‍ കീഴടങ്ങിയത്.

ബാങ്കിലെ അസി. മാനേജര്‍ അങ്കമാലി കറുകുറ്റി മരങ്ങാടം കരുമത്തി വീട്ടില്‍ സിസിമോള്‍ ജോസഫ്, ഭര്‍ത്താവ് കളമശേരി സ്വദേശി സജിത് എന്നിവര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലാണു കീഴടങ്ങിയത്. ഇവരെ ആലുവ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ തുടങ്ങി. 128 ഇടപാടുകാര്‍ പണയപ്പെടുത്തിയ 8,852 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് സ്വര്‍ണപ്പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായിരുന്ന സിസിമോള്‍ പലപ്പോഴായി ബാങ്കില്‍ നിന്നെടുത്തത്.

കഴിഞ്ഞ മാസം 16നാണ് തട്ടിപ്പു പുറത്തുവന്നത്. അന്നു സിസിമോള്‍ കൊച്ചിയില്‍ ബാങ്കിന്റെ പരിശീലനത്തിനു പോയ സമയത്ത് ഒരാള്‍ പണയ ഉരുപ്പടി തിരിച്ചെടുക്കാനെത്തി. കവര്‍ തുറന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് അതില്‍ സ്വര്‍ണത്തിനു പകരം തുല്യ തൂക്കമുള്ള പ്ലാസ്റ്റിക് സാധനങ്ങള്‍ വച്ചിരിക്കുന്നതായി കണ്ടത്. തുടര്‍ന്നു സിസിമോളെ ബാങ്കിലേക്കു വിളിച്ചുവരുത്തി ചോദിച്ചപ്പോള്‍ അവര്‍ കുറ്റം സമ്മതിച്ചു. പിറ്റേന്നു ബാങ്ക് മാനേജര്‍ പോലീസില്‍ പരാതി നല്‍കി. അപ്പോഴേക്കും കരയാംപറമ്പിലെ വാടകവീട്ടില്‍ നിന്നു സിസിമോളും സജിത്തും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫാക്കി മുങ്ങി. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആഭരണങ്ങളൊന്നും വിറ്റിട്ടില്ലെന്നു ബോധ്യമായി.

അങ്കമാലിയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ഇവ മറിച്ചു പണയപ്പെടുത്തി പണം വാങ്ങുകയാണ് ചെയ്തത്. യൂണിയന്‍ ബാങ്കില്‍നിന്ന് എടുത്ത സ്വര്‍ണത്തിന്റെ തൂക്കവും ഉടമകളുടെ വിശദാംശങ്ങളും മറിച്ചു പണയംവച്ച സ്ഥാപനങ്ങളുടെ പേരും എഴുതിയ ഡയറി കണ്ടെടുത്തു. സിസിമോള്‍ 3 വര്‍ഷം മുന്‍പാണ് യൂണിയന്‍ ബാങ്കിന്റെ ആലുവ ശാഖയില്‍ എത്തിയത്. സ്വര്‍ണം എടുത്തതു കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലും. കൊച്ചിയില്‍ ഓഹരിവ്യാപാര സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു സജിത്. പിന്നീടു സ്വന്തം ഓഹരി വ്യാപാര സ്ഥാപനം തുടങ്ങി. അതിനു പണം കണ്ടെത്താനാണ് ഭാര്യയെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.

Exit mobile version