മൂന്ന് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ച ഗായിക മഞ്ജുഷയുടെ പിതാവിനും ദാരുണാന്ത്യം; മരണം മഞ്ജുഷ അപകടത്തിൽപ്പെട്ട അതേ സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ

manjusha mohandas

കൊച്ചി: മൂന്ന് വർഷം മുമ്പ് വാഹനാപകടത്തിൽ അന്തരിച്ച ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്റെ പിതാവും വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ വെച്ചായിരുന്നു അപകടം. സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചാണ് മരണം സംഭവിച്ചത്. വാഹനം പിന്നീട് പോലീസ് പിടിച്ചെടുത്തു. മൂന്ന് വർഷം മുൻപ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേസ്‌കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു മോഹൻദാസും അപകടത്തിൽപ്പെട്ടത്.

2018-ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ അപകടം നടന്നത്. മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറിൽ മിനിലോറിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ മഞ്ജുഷ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇരുപത്തിയാറ് വയസായിരുന്നു മരിക്കുമ്പോൾ മഞ്ജുഷയുടെ പ്രായം. കാലടി സംസ്‌കൃത സർവകലാശാലയിൽ എംഎ നൃത്ത വിദ്യാർത്ഥിനിയായിരുന്നു മഞ്ജുഷ. ഐഡിയ സ്റ്റാർ സിങ്ങറെന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ ശ്രദ്ധ നേടിയതും പ്രശസ്തയായതും പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശിനിയാണ്. പ്രിയദർശൻലാൽ ആണ് ഭർത്താവ്.

Exit mobile version