കാടും മലയും ദുർഘട പാതയും താണ്ടി ട്രാൻസ്‌ഫോർമർ എത്തിച്ച് കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും; കഠിന പരിശ്രമത്തിന് കൈയ്യടിക്കാതെ വയ്യെന്ന് സോഷ്യൽമീഡിയ

നാടിന് വെളിച്ചമേകുന്ന കെഎസ്ഇബിയുടെ പ്രവർത്തനങ്ങൾക്ക് എത്ര കൈയ്യടിച്ചാലും മതിയാകില്ല. കാറ്റും മഴയും ഇടിമിന്നലും ഒന്നും കാര്യമാക്കാതെ നാട്ടിൽ ഊർജ്ജമെത്തിക്കാൻ കഷ്ടപ്പെടുന്ന കെഎസ്ഇബിയിലെ ലൈൻമാന്മാരുൾപ്പടെയുള്ള ആത്മാർത്ഥ ജീവനക്കാർ ജനങ്ങളുടെ പ്രിയപ്പെട്ടവരുമാണ്.

ഇപ്പോഴിതാ ദുർഘടമായ പാത കടന്ന് ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനായി പോകുന്ന കെഎസ്ഇബി ജീവനക്കാരുടെ സത്പ്രവർത്തി സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഒരു ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കുന്നത് കെഎസ്ഇബിയുടെ ഉത്തരവാദിത്വമാണ്. എന്നാൽ വാഹനസൗകര്യം പോലുമെത്താത്ത ദുർഘട ജനവാസ മേഖലയിൽ ഭാരമേറിയ ട്രാൻസ്‌ഫോമർ ചുമന്നെത്തിക്കുന്നത് കഠിനപ്രവൃത്തി തന്നെയാണ്.

എന്നാൽ ഇടുക്കി കുമളിയിലെ മുല്ലയാറിൽ കേടായ ട്രാൻസ്‌ഫോമർ മാറ്റിസ്ഥാപിക്കുന്നതിനായി പുതിയ ഒരെണ്ണം എത്തിക്കാൻ ജീവനക്കാർ നടത്തിയ ശ്രമത്തിനെ അഭിനന്ദിക്കാതിരിക്കാനാകില്ല. ട്രാൻസ്‌ഫോമർ കേടായതിനെ തുടർന്ന് ആ ഭാഗത്തെ 25 ഓളം വീടുകളിലാണ് വൈദ്യുതി വിതരണം മുടങ്ങിയത്.

കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ട്രാൻസ്‌ഫോമറുമായി നീങ്ങുന്ന ജീവനക്കാരുടെ കഠിനയാത്രയുടെ വീഡിയോ കണ്ടാൽ ജനസേവനത്തിനായി അവരെടുക്കാൻ തയ്യാറാകുന്ന കഷ്ടപ്പാട് മനസിലാക്കാവുന്നതാണ്.

പാറകൾ നിറഞ്ഞ വഴികളിലൂടെ നീളമുള്ള മരക്കമ്പിൽ കെട്ടിത്തൂക്കിയാണ് ട്രാൻസ്‌ഫോമറുമായി കെഎസ്ഇബി ചേട്ടൻമാരുടെ യാത്ര. കുത്തനെയുള്ള വഴിയിലേക്ക് വടിയൊക്കെ കുത്തിപ്പിടിച്ചാണ് കയറ്റം. വളഞ്ഞും തിരിഞ്ഞുമൊക്കെ അവരങ്ങനെ നീങ്ങുകയാണ്. ഇടയ്ക്ക് ചിലർ മാറുകയും മറ്റുള്ളവർ ആ സ്ഥാനമേറ്റ് ചുമക്കാൻ കൂടുകയും ചെയ്യുന്നുണ്ട്. അവർക്ക് സഹായവുമായി നാട്ടുകാരുമുണ്ട്.

Exit mobile version