കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ മാംസാഹാരത്തിനും മുട്ടയ്ക്കും നിരോധനം

കോഴിക്കോട്: കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ മാംസാഹാരവും മുട്ടയും നിരോധിക്കാന്‍ നീക്കം. ഇതിന്റെ ആദ്യപടിയായി എന്‍ഐടിയില്‍ ക്ലാസുകള്‍ തുടങ്ങിയാല്‍ ചൊവ്വാഴ്ചകളില്‍ സസ്യാഹാരം മാത്രം ഉപയോഗിക്കും.

ആഗോള കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
‘ഹരിത ചൊവ്വ’ എന്നാണ് ഈ ദിനാചരണത്തിന്റെ പേര്. കോഴിക്കോട് എന്‍ഐടിയും ബിര്‍ല ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സസ് പിലാനിയും (ബിറ്റ്സ് പിലാനി) ഇതു സംബന്ധിച്ച് ധാരണയായി.

വെയ്ഗന്‍ (Vegan) ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ (ഗ്രീന്‍ ട്യൂസ്ഡേ) സംരംഭത്തിന്റെ ഭാഗമാണിത്. മാംസാഹാരം കുറയ്ക്കുന്ന നയപരിപാടിയാണ് ഹരിത ചൊവ്വ. ഗോവ ബിറ്റ്സ് പിലാനിയില്‍ മുട്ടയുടെയും മാംസത്തിന്റെയും ഉപഭോഗം കുറച്ചുകൊണ്ടുവരും. മാംസവും മുട്ടയും കഴിച്ചില്ലെങ്കില്‍ ഭക്ഷ്യാധിഷ്ടിത കാര്‍ബണ്‍ ഗണ്യമായി കുറയുമെന്നാണ് അവകാശവാദം.

മനുഷ്യനിര്‍മ്മിതമായ ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറത്തുവിടല്‍, വനനശീകരണം, ജല മലിനീകരണം, വായു മലിനീകരണം എന്നിവയ്ക്ക് ഏറ്റവും വലിയ കാരണമാകുന്നത് വളര്‍ത്തുമൃഗ പരിപാലനമാണെന്നാണ് വിഗാന്‍ ഔട്ട് റീച്ചിന്റെ ‘കണ്ടെത്തല്‍’.

ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി)ന്റെ 107 ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മാംസം, പാല്‍, മുട്ട, മറ്റ് മൃഗ ഉല്‍പന്നങ്ങള്‍ എന്നിവ വ്യക്തികള്‍ വെട്ടിക്കുറച്ചാല്‍ കുറഞ്ഞ സ്ഥലവും വെള്ളവും ഉപയോഗിച്ച് കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കാമെന്ന് പറയുന്നതായും ഇവര്‍ അവകാശപ്പെടുന്നു.

ഗൗതം ബുദ്ധ സര്‍വകലാശാലയും ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയും ഉള്‍പ്പെടെ ഇരുപത്തിരണ്ട് സര്‍വകലാശാലകളും കോര്‍പ്പറേഷനുകളും വെഗാന്‍ ഔട്ട്റീച്ചിന്റെ ഗ്രീന്‍ ട്യൂഡ്സേ പ്രതിജ്ഞയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ചില സ്ഥാപനങളില്‍ മാംസം വിളമ്പുന്നത് നിര്‍ത്തി, മറ്റു ചിലര്‍ അവരുടെ ഭക്ഷണശാലകളില്‍ വിളമ്പുന്ന മുട്ടകളുടെയും പാലുല്‍പ്പന്നങ്ങളുടെയും എണ്ണവും അളവും കുറച്ചിട്ടുണ്ട്.

അതേസമയം, ഇത്തരം ധാരണ പത്രം ഒപ്പിട്ടതായി അറിയില്ലെന്ന് കോഴിക്കോട് എന്‍ഐടി രജിസ്ട്രാര്‍ ലെഫ്.കേണല്‍ കെ പങ്കജാക്ഷന്‍ പറഞ്ഞു. ഏതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വഴി ഇത്തരം നീക്കം നടന്നോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version