ഭാവി തലമുറ ‘വലിക്കേണ്ട’ : സിഗരറ്റ് പൂര്‍ണമായി നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടണ്‍ : അടുത്ത തലമുറ സിഗരറ്റ് വലിക്കേണ്ടന്ന് തീരുമാനമെടുത്ത് ന്യൂസിലന്‍ഡ്. ഇപ്പോള്‍ പതിനാല് വയസ്സിന് താഴെയുള്ള ആര്‍ക്കും അവര്‍ പ്രായപൂര്‍ത്തിയായതിന് ശേഷം പുകയില ഉത്പന്നങ്ങള്‍ രാജ്യത്ത് നിയമപരമായി വാങ്ങാനാവില്ല. ഇത് സംബന്ധിച്ച നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.

2025ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമാക്കി കുറയ്ക്കുക എന്നതാണ് ഉദ്ദേശം. ശേഷം പതിയെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി ഡോ.ആയിഷ വെരാള്‍ പറഞ്ഞു.”കുട്ടികള്‍ പുകവലി തുടങ്ങാതിരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തുടങ്ങുന്നത്. ഇപ്പോള്‍ നടപ്പിലാക്കുന്ന നിയമം ഭാവിയിലവര്‍ നിയമപരമായി പകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സാധ്യത തള്ളിക്കളയും.” അവര്‍ കൂട്ടിച്ചേര്‍ത്തു.

പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തെ രാജ്യത്തെ ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും സ്വാഗതം ചെയ്തു. നിലവില്‍ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. മുമ്പിത് 18ശതമാനം ആയിരുന്നു. പുകവലി മൂലമുള്ള അസുഖങ്ങളാല്‍ മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. അഞ്ച് മില്യണ്‍ ജനസംഖ്യയില്‍ വലിയൊരു ശതമാനം പേരുടെ മരണത്തിനും ഇത് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

സമീപകാലങ്ങളില്‍ നിക്കോട്ടിന്‍ നീരാവിയായി ഉത്പാദിപ്പിക്കുന്ന ഇ സിഗരറ്റ് യുവതലമുറയ്ക്കിടയില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ഇത് അപകടകരമല്ലെങ്കിലും അര്‍ബുദത്തിന് കാരണമാകുന്ന നിക്കോട്ടിന്റെ അംശങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പുകയില ഉത്പന്നങ്ങളുടെ നിയന്ത്രണത്തിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കടകളിലും സിഗരറ്റ് വില്‍ക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. സിഗരറ്റ് വില്‍ക്കാവുന്ന കടകളുടെ എണ്ണം 8000ത്തില്‍ നിന്ന് 500 ആയി ചുരുക്കാനും ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version