പൊതുസ്ഥലത്ത് വെച്ച് ആരെങ്കിലും പുക വലിച്ചാല്‍ എല്ലാവരും അയാളെ തുറിച്ചു നോക്കണം; പുതിയ തീരുമാനവുമായി ഹോങ്കോങ്

പുകവലി നിരോധിത സ്ഥലത്ത് വച്ച് ആരെങ്കിലും സിഗരറ്റ് വലിക്കാന്‍ കൈയ്യിലെടുത്താല്‍ ചുറ്റുമുള്ള എല്ലാവരും ചേര്‍ന്ന് അയാളെ തുറിച്ച് നോക്കണം.

പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വാചകം നമ്മള്‍ എപ്പോഴും കേള്‍ക്കാറുള്ള ഒന്നാണ്. നമ്മുടെ ശരീരത്തിന് ഹാനികരമായ ഉത്പ്പന്നങ്ങളാണ് സിഗരറ്റ്, ബീഡി മുതലായവ. ഇത് ക്യാന്‍സറിന് തന്നെ കാരണമാണ്. പുക വലിക്കുന്ന ആള്‍ക്കും അവരുടെ സമീപത്ത് നില്‍ക്കുന്ന ആള്‍ക്കും ഇതിന്റെ പുക ശ്വസിക്കുന്നതിലൂടെ മാരകമായ അസുഖം പിടിപ്പെടും. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളില്‍ അടക്കം പുകവലി നിരോധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, പുകയില നിരോധന നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഹോങ്കോങ്. പുകവലി കുറച്ച് ടൊബാക്കോ ഫ്രീ ഏരിയയായി പൊതുസ്ഥലങ്ങളെ മാറ്റാന്‍ വളരെ വ്യത്യസ്തമായ ഒരു മാര്‍ഗമാണ് ഹോങ്കോങ് ആരോഗ്യ മേധാവി മുന്നോട്ട് വയ്ക്കുന്നത്. ലോ ചുങ്-മൗ പറഞ്ഞത് പുകവലി നിരോധിച്ചിരിക്കുന്ന സ്ഥലത്ത് ആരെങ്കിലും പുകവലിക്കാന്‍ തുനിഞ്ഞാല്‍ അവരെ തുറിച്ച് നോക്കണമെന്നും അങ്ങനെ പുകവലിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നുമാണ്.

പുകവലി നിരോധിത സ്ഥലത്ത് വച്ച് ആരെങ്കിലും സിഗരറ്റ് വലിക്കാന്‍ കൈയ്യിലെടുത്താല്‍ ചുറ്റുമുള്ള എല്ലാവരും ചേര്‍ന്ന് അയാളെ തുറിച്ച് നോക്കണം. അതോടെ അയാള്‍ സിഗരറ്റ് വലിക്കാന്‍ മടിക്കും. എങ്ങനെയാണ് ഒരു പുകയില നിരോധിത നഗരം സൃഷ്ടിക്കുക എന്ന നിയമ നിര്‍മ്മാതാക്കളുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈ വിചിത്രമായ ആശയം ആരോഗ്യ മേധാവി ലോ ചുങ്-മൗ മുന്നോട്ട് വച്ചത്. നിലവില്‍ റെസ്റ്റോറന്റ്, ജോലി സ്ഥലങ്ങള്‍, അടച്ചിട്ടിരിക്കുന്ന പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാമാണ് പുകവലി നിരോധിച്ചിരിക്കുന്നത്. അതുപോലെ ചില തുറസ്സായ പൊതു സ്ഥലങ്ങളിലും പുകവലി നിരോധിച്ചിട്ടുണ്ട്.

ഹെല്‍ത്ത് സെക്രട്ടറി പറയുന്നത് ഒരു മുന്നറിയിപ്പ് എന്നോണം ഇങ്ങനെ പൊതുസ്ഥലത്ത് പുകവലിക്കുന്ന ആളുകളുടെ പൊതുജനങ്ങള്‍ കൈമാറുന്ന ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കണം എന്നാണ്. ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ അടക്കം ഇവരുടെ ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്നത് പൊതുസ്ഥലത്ത് പുകവലി കുറക്കാന്‍ സഹായിക്കും എന്നും ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. ബിബിസിയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version