ആപ്പിള്‍ ഡെയ്‌ലിക്ക് വിട : നിലയ്ക്കുന്നത് ഹോങ്കോങിന്റെ ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രതിപക്ഷശബ്ദം

Apple Daily | Bignewslive

ഹോങ്കോങ് : ഇരുപത്തിയഞ്ച് വര്‍ഷത്തെ ചരിത്രം അവസാനിപ്പിച്ച് ആപ്പിള്‍ ഡെയ്‌ലി ദിനപ്പത്രം ഹോങ്കോങില്‍ പ്രസിദ്ധീകരണം നിര്‍ത്തി. ഹോങ്കോങിന്റെ പ്രതിപക്ഷ ശബ്ദവും ജനാധിപത്യാനുകൂല ദിനപ്പത്രവുമായിരുന്ന ആപ്പിള്‍ ഡെയ്‌ലിയുടെ അവസാനപ്രതികള്‍ വാങ്ങാന്‍ പത്രത്തിന്റെ ഓഫീസിന് മുന്നില്‍ അണിനിരന്നത് ആയിരങ്ങളാണ്.

ദേശീയ സുരക്ഷാനിയമപ്രകാരം പത്രക്കമ്പനിയുടെ സ്വത്തുക്കള്‍ അധികൃതര്‍ മരവിപ്പിച്ചതോടെ ബുധനാഴ്ച രാത്രിയാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.വ്യാഴാഴ്ചയായിരുന്നു പത്രത്തിന്റെ അവസാന പ്രസിദ്ധീകരണം.ബുധനാഴ്ച രാത്രി കനത്ത മഴയും തണുപ്പും അവഗണിച്ച് പത്രത്തിന്റെ അവസാന കോപ്പി വാങ്ങാന്‍ ആളുകളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു.പത്രത്തിന് പിന്തുണ അറിയിച്ച് ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ചിത്രം മുന്‍പേജില്‍ കൊടുത്താണ് പത്രം പ്രസിദ്ധീകരണമവസാനിപ്പിച്ചത്. കനത്ത മഴയിലും ഹോങ്ക്‌കോങ് ജനം ആപ്പിള്‍ ഡെയ്‌ലിയെ യാത്രയാക്കാന്‍ എത്തി എന്നതായിരുന്നു തലക്കെട്ട്. പലയിടത്തും വരികള്‍ കിലോമീറ്ററുകളോളം നീണ്ടിട്ടും പത്രം സ്വന്തമാക്കിയാണ് ജനങ്ങള്‍ മടങ്ങിയത്.

കഴിഞ്ഞയാഴ്ച സുരക്ഷാനിയമപ്രകാരം പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ചായ് പുയ് മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആപ്പിള്‍ ഡെയ്‌ലി മരിച്ചു എന്നാണ് ചായ് വായനക്കാര്‍ക്കെഴുതിയ വിടവാങ്ങല്‍ കത്തില്‍ പറഞ്ഞത്. പത്രത്തിന്റെ വെബ്‌സൈറ്റും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ പത്രത്തിന്റെ തായ്‌വാനില്‍ എഡിഷനില്‍ പ്രവര്‍ത്തനങ്ങള്‍ തുടരും എന്ന് ഉടമസ്ഥരായ നെക്‌സ്റ്റ് ഡിജിറ്റല്‍ വായനക്കാര്‍ക്ക് ഉറപ്പു നല്‍കി. ഹോങ്കോങില്‍ ജയിലില്‍ കഴിയുന്ന ജിമ്മി ലായിയുടെ ഉടമസ്ഥതയിലുള്ളതാണ് നെക്‌സ്റ്റ് ഡിജിറ്റല്‍.

പത്രത്തിന്റെ അടച്ചുപൂട്ടല്‍ ജനാധിപത്യത്തിനേറ്റ അടിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. ചൈനയിലെ ഏറ്റവും കൂടുതല്‍ വായനക്കാരുളള ജനാധിപത്യാനുകൂല ദിനപ്പത്രമായിരുന്നു ആപ്പിള്‍ ഡെയ്‌ലി. രാജ്യത്തിന്റെ സുരക്ഷാനിയമങ്ങള്‍ തെറ്റിച്ചു എന്നാരോപിച്ച് കഴിഞ്ഞയാഴ്ച പത്രത്തിന്റെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.80,000 പ്രതികള്‍ വിറ്റഴിച്ചിരുന്ന പത്രം അവസാന ദിനം 10 ലക്ഷം പ്രതികള്‍ അച്ചടിച്ചാണ് പ്രസിദ്ധീകരണമവസാനിപ്പിച്ചത്.

Exit mobile version