ഡൽഹിയിൽ നിന്ന് ഹോങ്കോങിലേക്ക് പറന്ന 14 യാത്രക്കാർക്ക് കൊവിഡ്; ഓഗസ്റ്റ് 31 വരെ എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്ക്

ന്യൂഡൽഹി: എയർ ഇന്ത്യാ വിമാനത്തിൽ ഡൽഹിയിൽനിന്ന് ഹോങ്കോങ്ങിലേക്ക് പോയ 14 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത നടപടിയുമായി ഭരണകൂടം. ഓഗസ്റ്റ് 14ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 20 വരെ 14 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ഹോങ്കോങ് സർക്കാരാണ് അറിയിച്ചത്.

ഇതേത്തുടർന്ന് ഓഗസ്റ്റ് 31 വരെ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ്ങിൽ ഇറങ്ങാനുള്ള അനുമതിയില്ല. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പുള്ള കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ മാത്രം ഇന്ത്യയിൽനിന്നുള്ള യാത്രക്കാരന് ഹോങ്കോങ്ങിൽ ചെന്നിറങ്ങാൻ കഴിയൂ.

അതേസമയം, നിലവിൽ രോഗം സ്ഥിരീകരിച്ച യാത്രക്കാർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്ന കാര്യം ഹോങ്കോങ് ആരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽനിന്നു മാത്രമല്ല, ബംഗ്ലാദേശ്, ഇന്തോനേഷ്യ, കസഖ്സ്ഥാൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നു വരുന്നവർക്കും കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

Exit mobile version