അയല്‍വീട്ടില്‍ കളിക്കാന്‍ പോയത് ഇഷ്ടമായില്ല; മൂന്നാം ക്ലാസുകാരിയുടെ കാലുകള്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ച് പിതാവ്, ക്രൂരത

അഞ്ചാലുംമൂട്(കൊല്ലം): അയല്‍വീട്ടില്‍ കളിക്കാന്‍ പോയതില്‍ പ്രകോപിതനായി പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകള്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. അഞ്ച് ദിവസം മുന്‍പ് പനയം പഞ്ചായത്ത് പരിധിയിലാണ് സംഭവം നടന്നത്. കുട്ടിയെ പൊള്ളിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ അവരെ മര്‍ദിക്കുകയും ആശുപത്രിയില്‍ കൊണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. പൊള്ളലേറ്റ കുട്ടിക്ക് മരുന്ന് നല്‍കിയിരുന്നില്ല. പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാല്‍ വ്രണമായ അവസ്ഥയിലായിരുന്നു. അങ്കണവാടി ജീവനക്കാരുടെ സഹായത്തോടെ കുട്ടിയെ തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കി.

ആരെങ്കിലും ചോദിച്ചാല്‍ ചീനച്ചട്ടി കൊണ്ട് പൊള്ളലേറ്റതാണെന്നു പറയണമെന്നു പിതാവ് കുട്ടിക്കു നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യവകുപ്പ്,ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവരം അഞ്ചാലുംമൂട് പോലീസിനു കൈമാറി. സംഭവത്തില്‍ പിതാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.

Exit mobile version