കൊല്ലം ബൈപ്പാസിന് പാതി പണം മുടക്കിയത് സംസ്ഥാനമാണ്; ടോൾ വേണ്ടെന്ന് പറഞ്ഞിട്ടും കേന്ദ്രം ടോൾ ഏർപ്പെടുത്തി; മര്യാദപാലിച്ചില്ലെന്ന് മന്ത്രി ജി സുധാകരൻ

G Sudhakaran

കൊല്ലം: കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനായി കേന്ദ്രം ടോൾ ബൂത്ത് ഏർപ്പെടുത്തിയതിനെ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ടോൾ വേണ്ട എന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാടെന്നും എന്നാൽ കേന്ദ്രം മര്യാദ പാലിക്കാതെ ടോൾ ഏർപ്പെടു്തതുകയായിരുന്നു എന്നും മന്ത്രി വിമർശിച്ചു. കേന്ദ്രം മര്യാദ പാലിച്ചില്ല. ടോൾ പിരിവിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം മാനിച്ചില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി.

കൊല്ലം ബൈപ്പാസിന്റെ പാതി തുക മുടക്കിയത് സംസ്ഥാനമാണ്. എന്നിട്ടും ടോൾ വേണ്ടെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രം ചെവിക്കൊള്ളാൻ തയ്യാറായില്ല. ജില്ല കളക്ടറിന്റേയും പൊതുമരാമത്ത് വകുപ്പിന്റേയും അനുവാദം വാങ്ങാതെയാണ് ടോൾ പിരിവ് തീരുമാനിച്ചതെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. ഇന്നലെ രാത്രി ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ടോൾ പിരിവിന്റെ കാര്യം എൻഎച്ച്എഎഐ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാത്തതിനാൽ ടോൾ പിരിവ് ഒഴിവാക്കണമെന്ന് സംസ്ഥാനം ദേശീയപാതാ അതോറിറ്റിയെ രേഖാമൂലം ധരിപ്പിച്ചിരുന്നു.

ടോൾ പിരിവ് തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ദേശീയ പാതാ അതോറിറ്റിയ്ക്ക് കത്തയച്ചിരുന്നു. ഇതേത്തുടർന്ന് ബൈപ്പാസിൽ തൽക്കാലം ടോൾ പിരിവ് വേണ്ടെന്ന് ദേശീയ പാതാ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ലഭിച്ചശേഷം മാത്രം ടോൾ പിരിവ് തുടങ്ങിയാൽ മതിയെന്നാണ് തീരുമാനം.

എന്നാൽ ഇന്ന് രാവിലെ എട്ട് മണി മുതലാണ് കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ യുവജന സംഘടനകൾ ടോൾബൂത്തിൽ പ്രതിഷേധവുമായി എത്തുകയും സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസെത്തി ടോൾ പിരിക്കുന്നത് തടയുകയും ചെയ്തു.

Exit mobile version