മുസ്‌ലിം സമൂഹത്തിനും നേതൃത്വത്തിനും ഗുണകരം; ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ സഖ്യകക്ഷിയാവാന്‍ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മുസ്‌ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍ഡിഎയോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്‌ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. കശ്മീരില്‍ ബിജെപി അവിടുത്തെ പിഡിപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാവരെയും ദേശീയധാരയിലേക്ക് കൊണ്ടുവരികയെന്നതാണ് ബിജെപിയുടെ ശ്രമം. അപ്പോള്‍ ലീഗ് വരാന്‍ തയ്യാറായാല്‍ അവര്‍ ദേശീയത ഉള്‍ക്കൊണ്ടുകൊണ്ടാവുമല്ലോ വരികയെന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവ, സമുദായത്തോടും ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

ഇത്തവണ മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ഏഴ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച താന്‍ സന്തോഷത്തോടെയാണ് തീരുമാനം അറിയിച്ചതെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

കഴിഞ്ഞ എട്ടരമാസം പൊതുരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും വീട്ടിലിരുന്നും മോഡിജി നിര്‍ദേശിച്ചതുപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.

Exit mobile version