രണ്ട് മാസം കഴിഞ്ഞാല്‍ യുഡിഎഫ് വരും! കേരളത്തിലേത് ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാര്‍, ഒരു വികസനവുമില്ല: അഴിമതിക്കാരെ വിലങ്ങുവെച്ചുകൊണ്ടുപോകും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വികസനവും നേട്ടവും കേരളത്തിലുണ്ടായില്ല. ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും ചെന്നിത്തല വിമര്‍ശിച്ചു. തിരുവനന്തപുരത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും ഇതുപോലെ അഴിമതിയല്‍ മുങ്ങിത്താഴ്ന്നിട്ടുണ്ടാവില്ല. ശാസ്ത്രീയമായി അഴിമതി നടത്തി കേരളത്തെ കൊള്ളയടിച്ച സര്‍ക്കാരാണിത്. ഒരു വികസനവും നേട്ടവും കേരളത്തിലുണ്ടായില്ല.

കേരളം സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നു. നാടിന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്ന അഞ്ച് വര്‍ഷമാണ് കടന്നുപോയത്. വന്‍ കടക്കെണിയിലാണ് ഇപ്പോള്‍ സംസ്ഥാനമുള്ളതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

സര്‍ക്കാരിനെതിരെ പ്രതിപക്ഷം എണ്ണിപ്പറഞ്ഞ ഓരോ അഴിമതിയും സത്യമാണെന്ന് തെളിഞ്ഞു, ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു. എന്നാല്‍ ഇതുവരെ ഒരു അഴിമതിയും അന്വേഷിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല.

രണ്ട് മാസം കഴിഞ്ഞാല്‍ യുഡിഎഫ് കേരളത്തില്‍ വരും, അന്ന് ഈ അഴിമതികളെല്ലാം അന്വേഷിക്കും. അഴിമതിക്കാരുടെ കയ്യില്‍ വിലങ്ങുവെച്ചുകൊണ്ടുപോവും. നാടിനെ രക്ഷപ്പടുത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയുള്ള യാത്രയാണ് ഇത്രയും ദിവസം യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയത്. കേരളത്തിന് സദ്ഭരണം വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചുളള ഐശ്വര്യ കേരള യാത്ര വിജയമാണ്.

കേരളത്തിലെ ജനങ്ങള്‍ മാറ്റം ആവശ്യപ്പെടുന്നു. അത് തനിക്ക് വ്യക്തമായി. കേരളത്തെ അഴിമതിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Exit mobile version