‘എത്ര നല്ല രീതിയിലാണ് സർക്കാർ പ്രവർത്തനം; സർക്കാരിന്റെ കൂടെ നിൽക്കേണ്ടത് നമ്മുടെ കടമ’; മാസങ്ങൾക്ക് മുമ്പ് ഇ ശ്രീധരൻ എഴുതിയ കുറിപ്പ് വൈറലാക്കി സോഷ്യൽമീഡിയ

e-sreedharan12

തിരുവനന്തപുരം: ബിജെപിയിൽ ചേരാൻ തീരുമാനിച്ചെന്ന് അറിയിച്ചതിന് പിന്നാലെ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച മെട്രോമാൻ ഇ ശ്രീധരന്റെ മുമ്പത്തെ കുറിപ്പ് ചൂണ്ടിക്കാണിച്ച് വിമർശിച്ച് സോഷ്യൽമീഡിയ. മാസങ്ങൾക്ക് മുമ്പ് മാത്രം എഴുതിയ കുറിപ്പിൽ സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ പുകഴ്ത്തുകയാണ് ഇ ശ്രീധരൻ. സർക്കാർ നയങ്ങളേയും പദ്ധതികളേയും രൂക്ഷമായി വിമർശിച്ച് ശ്രീധരൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് സോഷ്യൽമീഡിയ മുമ്പത്തെ ശ്രീധരന്റെ വാക്കുകൾ ചർച്ചയാക്കുന്നത്.

ദേശാഭിമാനി ദിനപത്രത്തിൽ 2020 ഏപ്രിൽ മാസത്തിൽ എഴുതിയ കുറിപ്പാണ് വിമർശനത്തിന് ആധാരം. സർക്കാരിന്റെ നേതൃത്വത്തിൽ എത്രനല്ല നിലയിലാണ് കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അതിനാൽ സർക്കാരിനൊപ്പം നിൽക്കേണ്ടത് നമ്മുടെ കടമയാണെന്നും ശ്രീധരൻ കുറിപ്പിൽ പറയുന്നുണ്ട്.

കൂടാതെ, ഡിഎംആർസിയിലേക്ക് താൻ പണമയച്ചെന്ന് സാക്ഷ്യപ്പെടുത്തുന്ന കുറിപ്പിൽ സർക്കാർ ഒരുരൂപ പോലും ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ശ്രീധരൻ എഴുതുന്നുണ്ട്. മറ്റൊരു സർക്കാരും ചെയ്യാത്ത നല്ല കാര്യങ്ങളാണ് കേരള സർക്കാർ ചെയ്യുന്നതെന്ന് ശ്രീധരൻ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ശമ്പളത്തിൽ നിന്നും ഒരുഭാഗം ഡിഎംആർസിയിലേക്ക് നൽകാൻ വിസമ്മതിച്ച അധ്യാപകരേയും ശ്രീധരൻ അന്ന് വിമർശിച്ചിരുന്നു.

അതേസമയം, ബിജെപിയുമായി കൂട്ടുചേർന്ന് പോവുകയാണ് ഇനി എന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ് എന്നായിരുന്നു ഇ ശ്രീധരന്റെ നിലപാട് മാറ്റം. പിണറായി വിജയന്റേത് ഏകാധിപത്യഭരണമാണെന്നും കഴിഞ്ഞ ദിവസം ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിക്കെതിരെയും ആരോപണങ്ങളുമായി ശ്രീധരൻ രംഗത്തെത്തിയിരുന്നു.

അതേസമയം, മുമ്പത്തെ ശ്രീധരന്റെ കുറിപ്പിലെ അഭിപ്രായവും ഇപ്പോഴുള്ള നിലപാടുകളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ച് ഇരട്ടത്താപ്പ് എന്ന് വിമർശിക്കുകയാണ് സോഷ്യൽമീഡിയ. മാസങ്ങൾ പലത് കഴിഞ്ഞില്ലേ, അഭിപ്രായങ്ങളും നിലപാടുകളും മാറിമറിഞ്ഞതാകാമെന്നും കമന്റുകളിലൂടെ ചിലർ പ്രതികരിക്കുന്നുണ്ട്.

താൻ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത് കേരളത്തിൽ ബിജെപിയെ അധികാരത്തിലേറ്റാനും സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കാൻ വേണ്ടി ആണെന്നുമാണ് ശ്രീധരന്റെ നിലപാട്. ബിജെപി അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രിയാവാൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Exit mobile version