രേഷ്മയോട് അടങ്ങാത്ത പ്രണയം; പിന്മാറിയത് പ്രകോപിപ്പിച്ചു; പ്ലസ്ടു വിദ്യാർത്ഥിനിയെ അരുൺ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് തന്നെ; അരുണിന്റെ 10 പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

കുഞ്ചിത്തണ്ണി: ഇടുക്കിയിൽ പ്ലസ്ടു വിദ്യാർത്ഥിനി രേഷ്മയെ കാട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പ്രതിയെന്ന് സംശയിക്കുന്ന അരുൺ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇതോടെ പവർഹൗസിൽ വണ്ടിത്തറയിൽ രേഷ്മയുടെ കൊലപാതകം മനഃപൂർവമായ നരഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട രേഷ്മയുടെ പിതാവിന്റെ അർധസഹോദരനാണ് അരുൺ. ഇയാൾ രാജകുമാരിയിൽ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്നും ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. കൂട്ടുകാർക്ക് എഴുതിയ കത്തിന്റെ രൂപത്തിലാണ് പത്ത് പേജുകളുള്ള കുറിപ്പ്. തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മൾ തമ്മിൽ കാണില്ല എന്നുമാണ് കത്തിലെ ഉള്ളടക്കം.

രേഷ്മയോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് രേഷ്മ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും കത്തിലുണ്ട്.

രേഷ്മയെ സ്‌കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോയത് പുഴയോരത്ത് ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. പെൺകുട്ടിയെ റോഡിനു താഴേക്ക് കൊണ്ടുപോയി കാട്ടിനുള്ളിൽ വെച്ച് ഉളിപോലുള്ള മാരകായുധം ഉപയോഗിച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തന്നെ അരുണിന്റെ ഫോണും പോലീസ് കണ്ടെടുത്തിരുന്നു.

അതേസമയം, എഴുതിവെച്ചിരിക്കുന്ന കത്ത് പ്രകാരം അരുൺ ആത്മഹത്യ ചെയ്തിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും പ്രതി രക്ഷപ്പെടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മനഃപൂർവം എഴുതിയതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

Exit mobile version