വിവേക് ഗോപന്‍ ബിജെപിയിലേക്ക്: വിജയ യാത്രയില്‍ വച്ച് ഔദ്യോഗിക അംഗത്വം സ്വീകരിക്കും; തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറെന്ന് താരം

കൊച്ചി: സിനിമാ-സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ ചേരുന്നു. ഫെബ്രുവരി 27ന് വിജയ യാത്രയില്‍ വച്ച് ഔദ്യോഗിക അംഗത്വം സ്വീകരിക്കുമെന്ന് വിവേക് ഗോപന്‍ പറഞ്ഞു

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും വിവേക് ഗോപന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്ന് വിവേക് മുന്‍പ് വ്യക്തമാക്കിയിരുന്നു. കലാരംഗത്ത് നിന്നെത്തുന്ന തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും വിവേകിന് ആത്മവിശ്വാസമുണ്ട്.രാഷ്ട്ര സേവനത്തിനായി യുവാക്കള്‍ മുന്നോട്ട് വരണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഇ ശ്രീധരനെ പോലെയുള്ള പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും ദേശീയ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നത് നാടിന് ഗുണം ചെയ്യുമെന്നും വിവേക് പറഞ്ഞു.

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് വിവേക് ഗോപന്‍. കുട്ടനാടന്‍ ബ്ലോഗ്, അച്ഛാദിന്‍ തുടങ്ങിയ ചിത്രങ്ങളിലും വിവേക് അഭിനയിച്ചിട്ടുണ്ട്.

Exit mobile version