വിവേക് ഗോപന്‍ ബിജെപിയില്‍ ചേര്‍ന്നു; പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേന്ദ്രന്‍

തിരുവനന്തപുരം: നടന്‍ വിവേക് ഗോപന്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിവേക് ഗോപനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. നേരത്തെ തന്നെ ബിജെപിയില്‍ ചേരുന്ന കാര്യം വിവേക് ഗോപന്‍ പരസ്യമായി അറിയിച്ചിരുന്നു.

കെ സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് വിവേക് ഗോപന്റെ പാര്‍ട്ടി പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും വിവേക് ഗോപന്‍ പറഞ്ഞു.

ഇ ശ്രീധരനെ പോലെയുള്ള പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും ദേശീയ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നത് നാടിന് ഗുണം ചെയ്യുമെന്നും വിവേക് പറഞ്ഞിരുന്നു. കലാരംഗത്ത് നിന്നെത്തുന്ന തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും വിവേകിന് ആത്മവിശ്വാസമുണ്ട്. രാഷ്ട്ര സേവനത്തിനായി യുവാക്കള്‍ മുന്നോട്ട് വരണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് വിവേക് ഗോപന്‍. കുട്ടനാടന്‍ ബ്ലോഗ്, അച്ഛാദിന്‍ തുടങ്ങിയ ചിത്രങ്ങളിലും വിവേക് അഭിനയിച്ചിട്ടുണ്ട്.

Exit mobile version