‘അടയ്ക്കാ രാജു എന്ന എന്റെ ജീവിതം’; രാജുവിന്റെ ജീവിതം ഇനി പുസ്തകത്തിലൂടെ അറിയാം

കോട്ടയം: കന്യാസ്ത്രീകളും പുരോഹിതരുമെല്ലാം കൂറുമാറിയപ്പോള്‍ സാക്ഷിമൊഴിയില്‍ ഉറച്ച് നിന്ന് അഭയാക്കൊലക്കേസിലെ പ്രതികളെ പിടികൂടാന്‍ വഴിത്തിരിവായ സാക്ഷി രാജുവിന്റെ ജീവിതം പുസ്തകരൂപത്തില്‍. ‘അടയ്ക്കാ രാജു എന്ന എന്റെ ജീവിതം’ എന്ന പുസ്തകം ഡിസി ബുക്‌സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

ആനിക്കാട് കരയിലെ രാധാകൃഷ്ണന്‍ എങ്ങനെ അടയ്ക്കാ രാജുവായി എന്നും നിലനില്‍ക്കുന്ന ഭരണ സംവിധാനം വിലാസമില്ലാത്തവനെ ‘അടയ്ക്കാ രാജു’വാക്കുന്നതെങ്ങനെയെന്നും പുസ്തകം പറഞ്ഞുവയ്ക്കുന്നുവെന്ന് ഡിസി ബുക്‌സ് വ്യക്തമാക്കുന്നു.

അഭയ കേസിന്റെ ഭാഗമായി പോലീസില്‍ നിന്നും വലിയ മര്‍ദ്ദനം നേരിടേണ്ടി വന്നിരുന്നുവെന്നും ഉള്ളംകൈയ്ക്കകത്ത് മേശക്കാല്‍ വെച്ച് അവര്‍ ആ മേശയ്ക്ക് മുകളില്‍ കയറിയിരുന്ന് വരെ മര്‍ദ്ദിച്ചിരുന്നെന്നും രാജു പറഞ്ഞിരുന്നു. താന്‍ ഒരിക്കലും ഒരു തെറ്റിന് കൂട്ടുനില്‍ക്കില്ലെന്നും രാജു വ്യക്തമാക്കിയിരുന്നു.

അഭയ കേസ് വിധി വന്നതിന് ശേഷം അമേരിക്കയില്‍ നിന്നുവരെ ആളുകള്‍ വിളിച്ചു. എത്രയോ പേര്‍ വിളിച്ചു. എനിക്ക് എന്റെ കുഞ്ഞിന് നീതി വേണമായിരുന്നു. ആ കുഞ്ഞിന് അച്ഛനുണ്ടോ അമ്മയുടെ ആങ്ങളമാരുണ്ടോ പെങ്ങളുണ്ടോ എന്നൊന്നും എനിക്ക് അറയില്ല. എന്റെ മകള്‍ക്ക് കിട്ടേണ്ട നീതി കിട്ടി എന്നായിരുന്നു കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ രാജു പറഞ്ഞത്.

അഭയ കേസില്‍ എല്ലാ തെളിവുകളും സാഹചര്യങ്ങളും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയപ്പോള്‍ ദൈവം ഒരു കള്ളന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നായിരുന്നു കേസിന് വേണ്ടി നിയമ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞത്.

എന്നാല്‍ താന്‍ കള്ളനല്ലെന്നും തനിക്ക് ആ പേര്‍ വന്നതെങ്ങനെയാണെന്നും രാജു വ്യക്തമാക്കിയിരുന്നു. രാധാകൃഷ്ണന്‍ എന്ന എസ്‌ഐ തന്നെ കുനിച്ച് നിര്‍ത്തി ഇടിക്കാനാഞ്ഞപ്പോള്‍ അയാളുടെ കാലിന് ഉള്ളിലൂടെ ഇറങ്ങി ഓടിയതുകൊണ്ട് കിട്ടിയ പേരാണ് അടയ്ക്കാ രാജു എന്നായിരുന്നു രാജു പറഞ്ഞത്. താന്‍ അടക്ക മോഷ്ടിക്കാനൊന്നും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Exit mobile version