സിസ്റ്റര്‍ അഭയ കൊലക്കേസ്; ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവു ശിക്ഷ. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ആണ് ശിക്ഷ വിധിച്ചത്. സിബിഐ പ്രത്യേക കോടതി ജഡ്ജി കെ സനില്‍കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേള്‍ക്കാന്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സിബിഐ കോടതിയില്‍ എത്തിയിരുന്നു.

ഫാ. തോമസ് എം കോട്ടൂരിന് 302 വകുപ്പ് പ്രകാരം (കൊലപാതകം) ഇരട്ട ജീവപര്യന്തവും, 5 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്.

പ്രതികള്‍ കൊലക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയോ ജീവപര്യന്തമോ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഫാ. തോമസ് കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചുകയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മൂന്നാം പ്രതിയായ സെഫി ഇരയ്ക്കൊപ്പം താമസിച്ചിരുന്നയാളാണെന്നും അവരാണ് കൃത്യത്തില്‍ പങ്കാളിയായതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

അതേസമയം കാന്‍സര്‍ രോഗിയായതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്നും കോട്ടൂര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. പ്രായവും രോഗവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയും കോടതിയില്‍ പറഞ്ഞു. 11.35-ഓടെ ശിക്ഷാവിധിയിലുള്ള വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി കെ സനില്‍കുമാര്‍ പ്രതികളുടെ ശിക്ഷ വിധിച്ചത്.

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയും ബിസിഎം കോളേജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് 1992 മാര്‍ച്ച് 27 നാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റര്‍ അഭയ നേരിട്ട് കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

Exit mobile version