അച്ഛനെ കള്ളനെന്നും അടക്കയെന്നും വിളിക്കരുത്, അത് ഞങ്ങളെ വിഷമത്തിലാക്കുന്നു; അഭയകേസിലെ മുഖ്യസാക്ഷി രാജുവിന്റെ മകള്‍ പറയുന്നു

കോട്ടയം: അച്ഛനെ നാട്ടുകാരെല്ലാം രാജുവെന്നാണ് വിളിക്കുന്നത്, പക്ഷേ ചാനലില്‍ അടയ്ക്കയെന്നും കള്ളനെന്നും വിളിക്കുന്നത് തങ്ങളെ കൂടുതല്‍ വിഷമത്തിലാക്കുന്നുവെന്ന് അഭയകേസിലെ മുഖ്യസാക്ഷി രാജുവിന്റെ മകള്‍ പറയുന്നു.ഇനിയെങ്കിലും അച്ഛനെ കള്ളനെന്നും അടക്കയെന്നും വിളിക്കരുതെന്നും മകള്‍ അഭ്യര്‍ത്ഥിച്ചു.

ദ ക്യൂവിനോടാണ് രാജുവിന്റെ മകള്‍ ഇക്കാര്യം പറഞ്ഞത്. ഇന്ന് വരെയും സത്യത്തിന് വേണ്ടി നിലകൊണ്ട ഒരു വ്യക്തിയാണ് എന്റെ അച്ഛന്‍. അന്ന് ആ പ്രശ്നം കഴിഞ്ഞതിന് ശേഷം ഇന്ന് വരെയും നല്ലപോലെ അധ്വാനിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണെന്നും മകള്‍ പറയുന്നു.

അച്ഛന്‍ ഇന്നുവരെ ഒരു മോഷണത്തിനോ ഒന്നിനും പോയിട്ടില്ല. അതുകൊണ്ട് തന്റെ അച്ഛനെ അടയ്ക്കാ രാജുവെന്നോ കള്ളനെന്നോ മുദ്രകുത്തരുതെന്നും മകള്‍ ദ ക്യൂവിനോട് പറഞ്ഞു. 28 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയ കൊലകേസിന്റെ വിധി വന്നത് മുതല്‍ കേസിലെ മുഖ്യ സാക്ഷിയായ രാജു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചു. സമൂഹമാധ്യമങ്ങളിലെല്ലാം രാജുവിനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്. അഭയ കേസിലെ വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു.

‘3 സെന്റ് കോളനിയിലാ ഞാന്‍ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാന്‍ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെണ്‍മക്കളുണ്ട്. ഇത്രം വളര്‍ത്തിട്ട് പെട്ടെന്ന് അവര്‍ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാന്‍ എന്റെ പെണ്‍മക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്.

ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിന്റെ അപ്പന്റെ സ്ഥാനത്ത് നിന്നാണ് ഞാന്‍ പറയുന്നത്. എന്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാന്‍ ഹാപ്പിയാണ്..’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇത് കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

Exit mobile version