നീണ്ട 28 വർഷത്തിന് ശേഷം സിസ്റ്റർ അഭയയ്ക്ക് നീതി; ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും അടക്കമുള്ളവർ കുറ്റക്കാരെന്ന് കോടതി

Sister Abahaya | Kerala News

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. കേസിൽ 28 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. അഭയ കൊലക്കേസിൽ ഒരു വർഷത്തിലേറെ നീണ്ട വിചാരണ ഡിസംബർ 10നാണ് പൂർത്തിയായത്.

പോലീസും ക്രൈംബ്രാഞ്ചും ഉൾപ്പടെ അന്വേഷിച്ച കേസിൽ ഒടുവിൽ പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാറാണ് വിധി പറയുന്നത്. സിബിഐയ്ക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം നവാസ് ഹാജരായി. ലൈംഗികതയും കൊലപാതകവുമാണ് കേസിന്റെ ആകെത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ കോടതിയിൽ മൊഴി നൽകി. കൈക്കോടാലിയുടെ പിടി കൊണ്ടുള്ള അടിയേറ്റ് അബോധാവസ്ഥയിലായ സിസ്റ്റർ അഭയയെ പ്രതികൾ കിണറ്റിൽ എടുത്തിട്ടെന്നും അഭയ വെള്ളം കുടിച്ച് മുങ്ങിമരിച്ചെന്നുമാണ് സിബിഐ കണ്ടെത്തൽ. 49 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. പത്തോളം പേർ വിചാരണയ്ക്കിടെ മൊഴി മാറ്റി. മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയശേഷം പിൻമാറിയ സഞ്ജു പി മാത്യുവിനെതിരെ സിബിഐ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. മോഷ്ടാവായ അടയ്ക്ക് രാജുവാണ് സിബിഐയ്ക്ക് അനുകൂലമായ മൊഴി നൽകിയത്.

1992 മാർച്ച് 27നാണ് സിസ്റ്റർ അഭയയെ കോൺവെന്റ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് ഇവരെല്ലാം കേസ് അവസാനിപ്പിച്ചത.് ഇതിനിടെ, പ്രതികളായി ഉയർന്നുകേട്ട പേരുകളിൽ സഭയിലെ ഉന്നതരുടെ സാന്നിധ്യമുള്ളതുകൊണ്ടാണ് അന്വേഷണം കാര്യക്ഷമമല്ലാത്തത് എന്ന ആക്ഷേപം ഉയർന്നു.

സഭ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമുണ്ടായപ്പോൾ സന്ന്യാസിനി സമൂഹത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ അന്നത്തെ മദർ സുപ്പീരിയർ ബെനിക്യാസ്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകി. തുടർന്ന് സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു.

1996 വരെ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിവെക്കുന്ന നിലപാടാണ് സിബിഐ എസ്പി ത്യാഗരാജനും സംഘവും സ്വീകരിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം കേസ് വീണ്ടും സിബിഐ അന്വേഷിക്കുകയും പിന്നെയും 12 വർഷത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2008 നവംബർ 18നാണ് നിർണായകമായ നീക്കമുണ്ടായത്. സിബിഐ എഎസ്പി നന്ദകുമാർ നായർ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റുചെയ്തു. പ്രതികളെ ഡിജിറ്റൽ ഫിംഗർ പ്രിന്റ്, പോളിഗ്രാഫ്, നാർക്കോ അനാലിസിസ് പരിശോധനകൾക്കു വിധേയമാക്കി. മൂവരെയും പ്രതികളാക്കി കുറ്റപത്രം നൽകി. കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് മൂവരും വിചാരണക്കോടതിയിൽ ഹർജിയും നൽകി.

ആവശ്യമായ തെളിവുകളില്ലെന്ന കാരണത്താൽ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. മറ്റു രണ്ടുപേരോട് വിചാരണ നേരിടാൻ കോടതി നിർദേശിക്കുകയായിരുന്നു.

Exit mobile version