നാടിനുവേണ്ടി എല്ലാം ചെയ്യുന്നത് ബിജെപി; പാർട്ടിയിൽ ചേരുന്നത് പെട്ടെന്ന് എടുത്ത തീരുമാനമല്ല; ചർച്ച ചെയ്ത് സ്ഥാനമാനങ്ങൾ തീരുമാനിക്കും; പാർട്ടി പ്രവർത്തനത്തിൽ മുഴുകും: ഇ ശ്രീധരൻ

e-sreedharan

കണ്ണൂർ: ബിജെപിയിൽ ഉടനെ ചേരുമെന്ന് അറിയിച്ചതിന് പിന്നാലെ പാർട്ടിയിലെ സ്ഥാനമാനങ്ങളെ കുറിച്ച് പ്രതികരിച്ച് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിയിലെ സ്ഥാനമാനങ്ങളെ കുറിച്ചൊന്നും ചർച്ച നടത്തിയിട്ടില്ലെന്നും അതെല്ലാം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാൻ തീരുമാനിച്ചത് പെട്ടെന്ന് എടുത്ത തീരുമാനമല്ല. 10 വർഷമായി ഞാൻ കേരളത്തിലുണ്ട്. നാടിനു വേണ്ടി പലതും ചെയ്യണമെന്നുണ്ടായിരുന്നു. മറ്റു പല കക്ഷികളും നാടിനുവേണ്ടിയല്ല, പാർട്ടിക്കുവേണ്ടിയാണ് എല്ലാം ചെയ്യുന്നത്. അതിൽനിന്നു വ്യത്യസ്തം ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്ന് ഇ ശ്രീധരൻ മനോരമയോട് പ്രതികരിച്ചു.

ബിജെപി അംഗത്വമെടുത്ത് ആദ്യം ചേരും. മറ്റ് ഉത്തരവാദിത്തങ്ങളെല്ലാം ബിജെപി തീരുമാനിക്കും. അതുസംബന്ധിച്ചൊന്നും ചർച്ചകൾ നടത്തിയിട്ടില്ല. ഒറ്റക്കൊന്നും ചെയ്യാനാവില്ല. അതുകൊണ്ടാണല്ലോ ഞാൻ കേരളത്തിലേക്കു മടങ്ങിയത്. ഒരുപാട് കാര്യങ്ങൾ കേരളത്തിനായി മനസിലുണ്ട്. അവയിൽ പലതും ബിജെപിയുടെ പ്രകടനപത്രികയിലേക്ക് നൽകി കഴിഞ്ഞന്നും ഇ ശ്രീധരൻ പറയുന്നു.

ബിജെപി കേരളനേതൃത്വവുമായി മാത്രം നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും കേരളസർക്കാരുമായുള്ള ഔദ്യോഗിക ബന്ധം മുമ്പ് തന്നെ അവസാനിപ്പിച്ചതാണെന്നും ഇ ശ്രീധരൻ പറയുന്നു. കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികളിലായിരുന്നു കേരളസർക്കാരുമായി ബന്ധപ്പെട്ടിരുന്നത്. രണ്ടും പൂർത്തിയായ സാഹചര്യത്തിൽ ഇനി ഔദ്യോഗികബന്ധം തുടരില്ല. ഇനി ബിജെപിയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ മുഴുകുമെന്നും അദ്ദേഹം പ്രതികരിച്ചു.

എൽഡിഎഫ് ഭരണത്തിൽ നിരാശനാണ്. വികസനം കൊണ്ടുവരാൻ ബിജെപിക്കു കഴിയും. കേരളത്തിൽ നിലവിൽ വികസനപദ്ധതികളില്ല. പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിൽ ഇടപെട്ടത് നാട്ടുകാർക്കു വേണ്ടിയാണ്. പാർട്ടിക്കു വേണ്ടിയല്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

Exit mobile version