അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ഒഴുകുന്നത് മായം ചേര്‍ത്ത പാല്‍; ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ ഗുണനിലവാരമില്ലാത്ത പാല്‍ ഒഴുകുന്നതായി റിപ്പോര്‍ട്ട്.

കോഴിക്കോട്: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ ഗുണനിലവാരമില്ലാത്ത പാല്‍ ഒഴുകുന്നതായി റിപ്പോര്‍ട്ട്. പ്രതിദിനം മൂന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാലാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്.

വാളയാര്‍ മുതല്‍ ഗോവിന്ദാപുരം വരെ നീളുന്ന സംസ്ഥാന അതിര്‍ത്തിയില്‍ മീനാക്ഷിപുരം ചെക്ക്പോസ്റ്റില്‍ മാത്രമാണ് നിലവില്‍ ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ പാല്‍ പരിശോധനാ സംവിധാനം ഉള്ളത്. ഈ ചെക്ക് പോസ്റ്റില്‍ ഇതുവരെ പത്തോളം തവണയാണ് ഗുണനിലവാരമില്ലാത്ത പാല്‍ പിടികൂടിയിട്ടുള്ളത്. ഇക്കഴിഞ്ഞ നവംബര്‍ 28 ന് 1200 ലിറ്റര്‍ പാലാണ് ക്ഷീര വികസന വകുപ്പ് നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

മായം കലര്‍ത്തിയതിന്റെ പേരില്‍ പലതവണ നിരോധിച്ച ബ്രാന്‍ഡുകള്‍ മറ്റ് പേരുകളില്‍ കവര്‍ പാല്‍ ആയും എത്തുന്നതും ക്ഷീരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തുന്നവരെ ശക്തമായി നിരീക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഗുണമേന്മയുള്ള പാലില്‍ മൂന്ന് ശതമാനം കൊഴുപ്പ് വേണം. അതിനൊപ്പം പ്രോട്ടീന്‍, ലാക്ട്രോസ്, മറ്റ് ധാതുലവണാംശങ്ങളടക്കം ഖരപദാര്‍ത്ഥങ്ങളുടെ അളവ് 8.5 ശതമാനവും വേണമെന്നാണ് ക്വാളിറ്റി കണ്‍ട്രോളര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തമിഴ്നാട്ടിലെ സ്വകാര്യ ഡയറികളില്‍ നിന്നും വരുന്ന പാലുകളില്‍ പലതിലും ഈ ഗുണനിലവാരം ഉണ്ടാകാറില്ല.

‘മീനാക്ഷിപുരത്താണ് പാല്‍ ടെസ്റ്റ് ചെയ്യുന്ന ചെക്ക് പോസ്റ്റും ലാബുമുള്ളത്. അതിര്‍ത്തി കടന്നുവരുന്ന പാലുകളില്‍ 70 ശതമാനം വണ്ടികളും മീനാക്ഷിപുരം വഴിയാണ് എത്തുന്നത്. വളരെ കുറച്ച് ടാങ്കറുകള്‍ മാത്രമാണ് വാളയാര്‍ വഴി പോകുന്നത്. വാളയാറില്‍ നിലവില്‍ ടെസ്റ്റിങ് സൗകര്യം ഇല്ല. 24 മണിക്കൂറില്‍ മൂന്ന് ഷിഫ്റ്റായിട്ടാണ് ടെസ്റ്റിങ് നടക്കുന്നത്. ഇതിന് ശേഷം ഗുണമേന്മയുള്ള പാലാണെങ്കില്‍ ഓക്കെ സര്‍ട്ടിഫിക്കറ്റ് കൊടുത്ത് വിടും.

പരിശോധനയില്‍ ഏതെങ്കിലും ഒരു ഫാക്ടറിലോ കംപോണന്റിലോ കുറവ് വരികയോ സബ്സ്റ്റാന്‍ഡേര്‍ഡ് കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ വിവരം ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിക്കുകയും അവര്‍ വന്ന് വീണ്ടും സാമ്പിളെടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോകുകയുമാണ് ചെയ്യാറ്.

സംസ്ഥാനത്തെ ക്ഷീര കര്‍ഷക സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് ലിറ്ററില്‍ 32 മുതല്‍ 40 രൂപ വരെ നല്‍കിയാണ് പാല്‍ സംഭരിക്കുന്നത്. പക്ഷേ ക്ഷീരകര്‍ഷകര്‍ ധാരാളമുള്ള തമിഴ്നാട്ടില്‍ ഇത് 30 രൂപയ്ക്കും താഴെയാണ്. ഈ സാഹചര്യം മുതലെടുത്ത് ഇടനിലക്കാര്‍ പാല്‍ സംഭരിച്ച് കേരളത്തിലേക്ക് കയറ്റിയയച്ച് ലാഭം കൊയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. പൊള്ളാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ പാല്‍ ഉത്പ്പന്ന കമ്പനികളും ഇതിന് പിന്നിലുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Exit mobile version