തൊഴിലാളി വര്‍ഗ്ഗത്തില്‍ ജനിച്ചതില്‍ അഭിമാനമേയുള്ളൂ! സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പ്; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: കെ സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പാണെന്ന് മന്ത്രി എകെ ബാലന്‍. അച്ഛന്‍ ചെത്ത് തൊഴിലാളിയായത് പിണറായിയുടെ തെറ്റാണോയെന്നും മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററില്‍ പോകാന്‍ പാടില്ലെന്നത് അധമബോധമാണെന്നും മന്ത്രി എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍ എംപി കണ്ണൂരില്‍ നടത്തിയ ചെത്ത് തൊഴിലാളി പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി എകെ ബാലന്‍.

തൊഴിലാളി വര്‍ഗ്ഗത്തിലാണ് ജനിച്ചതെന്നതിന് ഞങ്ങള്‍ക്ക് യാതൊരു അഭിമാനക്ഷതവുമില്ല. അഭിമാനമേയുള്ളൂ. കേരളത്തിലെ ചെത്തുതൊഴിലാളി എന്ന് പറഞ്ഞാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമാണെന്നും എ.കെ ബാലന്‍ പ്രതികരിച്ചു.

‘സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണ്. അതെനിക്കറിയാം. ഞാന്‍ അക്കാര്യത്തിലേക്ക് കടക്കാന്‍ പാടില്ല. ബ്രണ്ണന്‍ കോളേജില്‍ നിന്ന് സഖാവ് പിണറായി വിജയന്‍ പിരിയുമ്പോഴാണ് ഞാന്‍ ബ്രണ്ണനില്‍ ചേരുന്നത്. അവിടെ എന്റെ സീനിയറായി പഠിച്ചയാളാണ് സുധാകരന്‍. പലപ്പോഴും സമരവുമായി ബന്ധപ്പെട്ടെല്ലാം പിണറായി ബ്രണ്ണന്‍ കോളേജില്‍ വരാറുണ്ടായിരുന്നു. ആ ഒരോര്‍മ്മ അദ്ദേഹത്തിനുള്ളിടത്തോളം കാലം ലേശം ബുദ്ധിമുട്ട് പിണറായി വിജയനോട് അദ്ദേഹത്തിനുണ്ട്. പിന്നെ സുധാകരനെ കാണുമ്പോള്‍ മുട്ട് വിറക്കുന്ന ചില കോണ്‍ഗ്രസ്സുകാരുണ്ട്. അപ്പോ പിന്നെ അദ്ദേഹത്തിന്റെ കൂടെ ഹലേലൂയ പാടിയിട്ട് പോകും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version