ബിഡിജെഎസ് പിളര്‍ന്നു; പുതിയ പാര്‍ട്ടി ബിജെഎസ് യുഡിഎഫിനൊപ്പം

കൊച്ചി: എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസ് (ഭാരതീയ ധര്‍മ ജന സേന) പിളര്‍ന്നു. പാര്‍ട്ടി വിട്ട ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭാരതീയ ജന സേന എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു.

ബിഡിജെഎസ് നേതാക്കളായിരുന്ന എന്‍കെ നീലകണ്ഠന്‍ മാസ്റ്റര്‍, വി ഗോപകുമാര്‍, കെകെ ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ബിഡിജെഎസ് വിട്ട് ഭാരതീയ ജന സേന (ബിജെഎസ്) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം കൊച്ചിയില്‍ നടന്നു. യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ്,ലീഗ് നേതാക്കളുമായി സംസാരിച്ചുവെന്നും നേതാക്കള്‍ വ്യക്തമാക്കി.

ശബരിമല പ്രശ്നത്തില്‍ ഹിന്ദു വിഭാഗത്തിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലന്ന് നേതാക്കള്‍ പറഞ്ഞു. ശബരിമലയുടെ പേരില്‍ മതവികാരത്തെ മുതലെടുത്ത ബിജെപി ഹിന്ദു വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പോലും തയ്യാറായില്ലെന്നത് ഏറെ വേദനിപ്പിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ട്. ജാതിമത ഭേദമെന്യേ വിശ്വാസികളുടെ വികാരത്തെ ഉള്‍ക്കൊള്ളാന്‍ യുഡിഎഫിന് കഴിയുമെന്ന് ഉറപ്പാണ്. ഹിന്ദു ഐക്യത്തിന്റെ പേരു പറഞ്ഞ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെ ഒപ്പം നിര്‍ത്തി രൂപീകരിച്ച ബിഡിജെഎസിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ബിജെപിയുടെ അടിയാന്മാരായി ബിഡിജെഎസ് മാറിക്കഴിഞ്ഞുവെന്നും നേതാക്കള്‍ ആരോപിച്ചു.

Exit mobile version