ബിഡിജെഎസും ബിജെപിയും തമ്മിൽ തർക്കം രൂക്ഷം; ഏറ്റുമാനൂരും പൂഞ്ഞാറും രണ്ട് സ്ഥാനാർത്ഥികൾ; വെട്ടിലായി എൻഡിഎ

കോട്ടയം: ഏറ്റുമാനൂർ, പൂഞ്ഞാർ മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളെ വീതം മനിർത്തി വെട്ടിലായി എൻഡിഎ. ഈ രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ എൻഡിഎയിൽ കടുത്ത പ്രതിസന്ധി തുടരുകയാണ്. സീറ്റ് തർക്കം നിലനിൽക്കുന്നതിനാൽ ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു.

ബിജെപിക്കായി എൻ ഹരികുമാറും ബിഡിജെഎസിനായി ടിഎൻ ശ്രീനിവാസനുമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇരു പാർട്ടികളും തമ്മിലുണ്ടായ തർക്കം രമ്യതയിലെത്തിക്കാൻ മുന്നണിക്കും സാധിക്കാതെ വന്നതോടെ ഇരുകൂട്ടരും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

പൂഞ്ഞാറിലും ഏറ്റുമാനൂരിലും ബിഡിജെഎസ് സ്ഥാനാർത്ഥികളെ മാറ്റണമെന്ന നിർദ്ദേശം ബിജെപി നേരത്തെ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥികളെ മാറ്റാൻ തയ്യാറല്ലെന്ന് ബിഡിജെഎസും നിലപാടെടുത്തു. പൂഞ്ഞാറിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവാണ് നാമനിർദ്ദേശ പത്രിക നൽകിയത്. ബിഡിജെഎസ് സ്ഥാനാർത്ഥിയായി എംപി സെന്നും പത്രിക നൽകിയിട്ടുണ്ട്.

ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന നോബിൾ മാത്യു സ്വയം പത്രികാ സമർപ്പണവുമായി മുന്നോട്ട് വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. നിലവിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയത്തിന് മുമ്പ് ഒരു പരിഹാരത്തിലെത്താൻ ചർച്ചകൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version