‘ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ’; മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കെ സുധാകരൻ

pinarayi and sudhakaran

കണ്ണൂർ: വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി ആക്ഷേപിച്ച് കെ സുധാകരൻ എംപി. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ എന്നായിരുന്നു കെ സുധാകരന്റെ അപഹാസം. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നു സുധാകരൻ പ്രസംഗത്തിനിടെ അപഹസിച്ചു.

തലശ്ശേരിയിൽ നടന്ന യോഗത്തിനിടെയായിരുന്നു കെ സുധാകരന്റെ അപഹാസ പ്രസംഗം. മുമ്പും മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാക്കൾ അപഹാസ്യ വാക്കുകൾ ചൊരിഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാൽ ചെത്തുകാരന്റെ കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്ന് പറയുന്നതിൽ അഭിമാനം മാത്രമേയുള്ളൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ തുടക്കം തൊട്ടുള്ള മറുപടി. മുമ്പ് ഇത്തരത്തിൽ അപഹാസം ഉയർന്നപ്പോൾ വ്യക്തമായ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

പിണറായി വിജയൻ അഭിമാനത്തോടെ പറഞ്ഞ മറുപടി ഇങ്ങനെ: ‘അതേ എന്റെ അച്ഛനും സഹോദരൻമാരും ചെത്തുതൊഴിലെടുത്തവരാണ്. അപ്പോ, വിജയനും ചെത്തുതൊഴിലേ എടുക്കാൻ പാടുള്ളൂയെന്ന് ആഗ്രഹിക്കുന്ന ചിലർ ഉണ്ടായിരിക്കും. അത് പറഞ്ഞിട്ട് എന്താണ് കാര്യം. കാലം മാറിയില്ലേ. ഇത് ഈ പറയുന്നവർ മനസിലാക്കിയാൽ നല്ലത്.’

ദേശാഭിമാനി വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്‌കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛൻ. അച്ഛനൊപ്പം തന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും. ഒരു തൊഴിലുമെടുക്കാതെ ഏവരെയും ചൂഷണം ചെയ്തു ജീവിക്കുക എന്ന രീതി സംസ്‌കാരമാക്കിയവരുമുണ്ട് സമൂഹത്തിൽ. ലോകത്തെയാകെ മാറ്റിമറിക്കാൻ പോന്ന രാഷ്ട്രീയശക്തിയാണ് തൊഴിലാളിവർഗം എന്ന ബോധത്തിലേക്ക് ചരിത്രബോധത്തോടെ അവർ ഉണരുമ്പോൾ അവരുടെ കാഴ്ചപ്പാടും മാറിക്കൊള്ളും. നാട്ടിൻപുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ആ ബാല്യം പരുക്കൻ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമർശിക്കുന്ന ഒരു ഘടകം. ‘ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ’ എന്ന് ഒരു കവിതാഭാഗമുണ്ട്. പരക്ലേശ വിവേകം ഉള്ളവനായി എന്നെ വളർത്തിയത് ആ ബാല്യത്തിന്റെ പാരുഷ്യമാണ്. ധാരാളിത്തത്തിലും ധൂർത്തിലുമായിരുന്നു വളർന്നിരുന്നതെങ്കിൽ ഞാൻ മറ്റൊരാളായിപ്പോയേനേ.’

Exit mobile version