മതമല്ല, മനുഷ്യനാണ് വലുതെന്ന് തെളിയിച്ച് വൈദികന്‍; ഹിന്ദു കുടുംബത്തിലെ യുവാവിന് തന്റെ വൃക്ക ദാനം ചെയ്ത് മാതൃകയായി ജോജോ മണിമല

priest | Bignewslive

അങ്ങാടിപ്പുറം: മതത്തിന്റെ പേരില്‍ രാജ്യത്തിന് അകത്തും പുറത്തും അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍, മതമല്ല മനുഷ്യനാണ് വലുതെന്ന് തെളിയിച്ച് മാതൃകയാവുകയാണ് കപ്പൂച്ചിന്‍ സഭയിലെ വൈദികനായ ജോജോ മണിമല എന്ന 36കാരന്‍. ഹിന്ദു കുടുംബത്തിലെ യുവാവിന് തന്റെ വൃക്ക ദാനം ചെയ്താണ് ഈ വൈദികന്‍ നന്മയുടെ പ്രതീകമാകുന്നത്.

ഇതിന് പകരമായി വൈദികന്റെ വൃക്ക സ്വീകരിക്കുന്ന യുവാവിന്റെ ഭാര്യ അവരുടെ വൃക്ക താമരശ്ശേരിയിലെ 24 വയസുള്ള യുവാവിന് നല്‍കുകയും ചെയ്തു. ‘പെയേര്‍ഡ് കിഡ്നി എക്സ്ചേഞ്ച്’ എന്ന വൃക്കദാനത്തിലൂടെയാണ് നന്മയുടെ ഈ സ്‌നേഹചങ്ങല ഒരുങ്ങുന്നത്. തന്റെ ജീവന്റെ ഒരു ഭാഗം പകുത്ത് നല്‍കുന്നതോടെ സ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും നേര്‍ സാക്ഷ്യമാവുകയാണ് ഈ വൈദികന്‍.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. കണ്ണൂര്‍ പാവനാത്മ പ്രൊവിന്‍സ് (കപ്പൂച്ചിന്‍) അംഗമായ ഫാദര്‍ ജോജോ ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളജിലെ എംഎസ് ഡബ്‌ള്യൂ വിദ്യാര്‍ത്ഥിയാണ്. ജീസസ് യൂത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായ ഇദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

നിലമ്പൂര്‍ പാലേമാട് സെന്റ് തോമസ് ഇടവകാംഗം മണിമല തോമസിന്റെയും മേഴ്സിയുടെയും മകനാണ്. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജോയ്സി കൊല്ലറേട്ട്, സിസ്റ്റര്‍ ടെസ്സിന്‍, ജിജോ (സൗദി ) എന്നിവര്‍ സഹോദരങ്ങളാണ്. ഏഴ് വര്‍ഷം മുന്‍പാണ് ജോജോ പൗരോഹിത്യം സ്വീകരിച്ചത്.

Exit mobile version